
പോത്തൻകോട് : ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും പേരിൽ ജനങ്ങൾ തമ്മിൽ അകലുന്ന കാലഘട്ടത്തിൽ എല്ലാ മതങ്ങളെയും ഒരുമിച്ച് നിറുത്തുന്നതിലൂടെ മതസൗഹാർദ്ദത്തിന്റെ സന്ദേശമാണ് ശാന്തിഗിരി പിൻതുടരുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ.98 ാമത് നവപൂജിതം ആഷോഷങ്ങളോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കരുണാകര ഗുരുവിന്റെ ആശയങ്ങൾ പ്രചാരം നേടിയത് ഗുരുവിന്റെ സന്ദേശങ്ങൾക്കുളള അംഗീകാരമാണ്. ഗുരുവിന്റെ വാക്കും വീക്ഷണവും ഏറെ പ്രസക്തമായിരിക്കുന്ന ഈ കാലഘട്ടത്തിൽ രാജ്യത്ത് കൂടുതൽ സമാധാനന്തരീക്ഷം ഉണ്ടാക്കുവാനും ജനങ്ങളെ കൂടുതൽ അടുപ്പിക്കുവാനും ഗുരുവിന്റെ വാക്കുകൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. റോൾ ബോൾ സ്‌കേറ്റിംഗ് ദേശീയ ടീമിൽ ഇടം നേടിയ കുമാരി ആർ. കല്പശ്രീയെയും വാട്ടർ പോളോയിൽ ദേശീയതലത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ കുമാരി ദക്ഷിണ ബിജോയെയും അനുമോദിച്ചു. ക്വിസ് മത്സരത്തിൽ വിജയികളായവർക്കുളള സമ്മാദാനവും മന്ത്രി നിർവഹിച്ചു. ഭാരതീയ ജനതാപാർട്ടി ജില്ല പ്രസിഡന്റ് വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, മാർത്തോമാ സഭ കൊല്ലം ഭദ്രാസനം ബിഷപ് ഡോ.ഐസക് മാർ ഫിലിക്സിനോസ് എപ്പിസ്‌കോപ്പ, കൈമനം മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ തുടങ്ങിയവർ സംസാരിച്ചു. സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി സ്വാഗതവും ഡോ.ഹേമലത.പി. നന്ദിയും പറഞ്ഞു.