
വിഴിഞ്ഞം: ജർമ്മനിയിലെ പ്രണയത്തിനൊടുവിൽ മലയാളി വധുവിനെ ജർമ്മൻ വരൻ ആഴിമലയിൽ മിന്നുകെട്ടി. ജഗതി നികുഞ്ജം എസ്റ്റേറ്റിൽ ഫ്ളാറ്റ് നമ്പർ 7ജിയിൽ ആർ.ശ്രീരാജിന്റെയും എസ്.മീരയുടെയും ഏകമകൾ എം.എസ്. നികിതയും ജർമ്മനി മൂൺസ്റ്റർ കോസ് ഫീൽഡിൽ ഫ്രാൻസ് ജോസഫിന്റെയും ഹിൽഡ് ഗാർഡിന്റെയും മകൻ മാക്സും ആണ് മൂന്നുവർഷത്തെ പ്രണയത്തിനൊടുവിൽ ഇന്നലെ ആഴിമല ശിവക്ഷേത്ര സന്നിധിയിൽ വിവാഹിതരായത്. ഇരുവരും പിഎച്ച്.ഡിയുടെ ഭാഗമായി ജർമ്മനിയിലെ മൂൺസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് കണ്ടുമുട്ടിയത്. മൂന്ന് വർഷം മുൻപ് കൊവിഡ്കാലത്തായിരുന്നു ഇവരുടെ പ്രണയം മൊട്ടിട്ടത്. തന്റെ ഭാവി വരനെ കണ്ടെത്തിയ വിവരം നികിത രക്ഷകർത്താക്കളെ അറിയിച്ചതിനെ തുടർന്ന് മാക്സിന്റെ വീട്ടുകാരുമായി നികിതയുടെ മാതാപിതാക്കൾ സംസാരിക്കുകയും ഇരുവരുടെയും ആഗ്രഹത്തിനൊപ്പം നിൽക്കുകയുമായിരുന്നു. ഇതിനിടയിൽ 2022ൽ മാക്സ് കെമിസ്ട്രിയിൽ പിഎച്ച്.ഡി നേടി ജർമ്മനിയിലെ മൾട്ടി നാഷണൽ കമ്പനിയിൽ ഉയർന്ന ഗ്രേഡിലെ ഉദ്യോഗസ്ഥനായി. നികിത 2023ൽ ബയോളജിയിൽ പിഎച്ച്.ഡി നേടിയ ശേഷം ജർമ്മനിയിൽത്തന്നെ ഉന്നത വിദ്യാഭ്യാസം തുടരുകയാണ്. തികഞ്ഞ ഈശ്വരവിശ്വാസിയായ നികിതയ്ക്ക് കേരളീയ പാരമ്പര്യമനുസരിച്ച് വിവാഹം നടത്താനായിരുന്നു ആഗ്രഹം. ഇതിനെ തുടർന്നാണ് മുഹൂർത്തം നോക്കിയശേഷം ആഴിമല ക്ഷേത്രനടയിലെത്തിയത്. മാക്സ് ക്രിസ്ത്യൻ മതവിശ്വാസിയാണ്. വിവാഹം ഹിന്ദു ആചാരപ്രകാരമാണെങ്കിലും ഇരുവരും അവരവരുടെ മതത്തിൽത്തന്നെ തുടരുമെന്നും മതം മാറ്റം ഉണ്ടാകില്ലെന്നും നികിതയുടെ പിതാവ് ശ്രീരാജ് പറഞ്ഞു. മാക്സിന് സഹോദരനും സഹോദരിയുമുണ്ട്. ഏറ്റവും ഇളയ ആളാണ് മാക്സ്. ഇന്നലെ നടന്ന വിവാഹ ചടങ്ങിൽ മാക്സിന്റെ രക്ഷകർത്താക്കളും സഹോദരങ്ങളും സുഹൃത്തുക്കളും അദ്ധ്യാപകരുമടക്കം 38 വിദേശികൾ പങ്കെടുത്തു. വിവാഹശേഷം ഇരുവരും ജർമ്മനിയിൽ തന്നെ തുടരുമെന്ന് നികിതയുടെ പിതാവ് പറഞ്ഞു.
ഫോട്ടോ: ആഴിമലയിൽ വിവാഹിതരായ ജർമ്മൻ സ്വദേശി മാക്സും മലയാളിയായ നികിതയും