തിരുവനന്തപുരം: നേമം,ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് പോകുന്ന 500 എം.എം,700 എം.എം ട്രാൻസ്‌മിഷൻ പൈപ്പ് ലൈനിലെ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം നഗരത്തിൽ വെള്ളമെത്തിക്കാൻ 'പ്ലാൻ ബി' തയ്യാറാക്കിയെങ്കിലും പ്രയോഗികമായില്ല.

കിള്ളിപ്പാലം-ജഗതി റോഡിലെ സി.ഐ.ടി റോഡിൽ പുതുതായി സ്ഥാപിച്ച വാൽവിലുണ്ടായ ലീക്ക് പരിഹരിക്കാൻ വാൽവ് അഴിച്ച് വീണ്ടും സെറ്റ് ചെയ്യുന്നതും ആങ്കർ ബ്ലോക്ക് സ്ഥാപിക്കലും ഏകദേശം പൂർത്തിയാകുമ്പോൾ പമ്പിംഗ് ആരംഭിക്കാമെന്നായിരുന്നു ധാരണ. അരുവിക്കരയിലെ 74 എം.എൽ.ഡി പ്ലാന്റിൽ നിന്നും വെള്ളം പമ്പുചെയ്‌താൽ പി.ടി.പി നഗറിലെത്താൻ രണ്ട് മണിക്കൂർ വൈകും. അവിടെ നിന്ന് ട്രാൻസ്‌മിഷൻ ലൈനിലേക്ക് വെള്ളം തുറക്കുമ്പോൾ പിന്നെയും താമസിക്കും.

പണി പൂർത്തിയായാൽ പോലും ഉയർന്ന സ്ഥലങ്ങളിലേക്ക് വെള്ളമെത്താൻ 10 മണിക്കൂറുകൾ വേണ്ടി വരുമെന്നതിനാലാണ് വൈകിട്ട് 4ഓടെ പമ്പിംഗ് തുടങ്ങാൻ ആലോചിച്ചത്. എന്നാൽ പണി പൂർത്തിയാകാതെ വന്നതോടെ പമ്പിംഗ് നീട്ടിവയ്‌ക്കുകയായിരുന്നു

പ്രതിസന്ധിയിലായി

സർക്കാർ ഓഫീസുകൾ

അയ്യായിരത്തോളം ജീവനക്കാരുള്ള സെക്രട്ടേറിയറ്റ് ഉൾപ്പടെയുള്ള നഗരത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇന്ന് പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ്. രണ്ടു ദിവസമായി സെക്രട്ടേറിയറ്റിൽ വെള്ളമില്ല. ടാങ്കറിലെത്തിക്കുന്ന വെള്ളമാണ് ഏക ആശ്വാസം. മറ്റുപല സർക്കാർ ഓഫീസുകളുടെയും നഗരമദ്ധ്യത്തിലെ മറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തനവും കഴിഞ്ഞ ദിവസം പ്രതിസന്ധിയിലായിരുന്നു. ഹോട്ടലുകൾ പലതും പൂട്ടിയിടുകയും ചിലർ പാഴ്‌സൽ സർവീസ് മാത്രമാക്കുകയും ചെയ്‌തു.