തിരുവനന്തപുരം: അയ്യോ സാറെ, വെള്ളം കളയല്ലേ. ദേ ഇതിലേക്ക് ഒഴിച്ചോളു...നഗരത്തിൽ ജലവിതരണം തടസപ്പെട്ടതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസിന് നേരെ പ്രവർത്തകർ കാലിക്കുടങ്ങൾ നീട്ടി. വട്ടിയൂർകാവ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിലേക്ക് കാലിക്കുടങ്ങളുമായി മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ആദ്യത്തെ തവണ ജലപീരങ്കിയിൽ നിന്ന് ശക്തമായി വെള്ളം വന്നെങ്കിലും രണ്ടാമത്തെ തവണ കേട്ടത് വെറും സൈറൺ മാത്രം. ജലപീരങ്കിയിലും വെള്ളം തീർന്നതോടെ പൊലീസും വലഞ്ഞു.

തുടർന്ന് സമരം ചെയ്ത പ്രവർത്തകരെ പൊലീസ് സ്ഥലത്ത് നിന്നുനീക്കി. മാർച്ച്‌ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അമ്പലമുക്ക് രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ ശങ്കർ,മണ്ഡലം പ്രസിഡന്റുമാരായ ചന്ദ്രലേ,നിഖിൽ,മണ്ഡലം ഭാരവാഹികളായ മൂന്നാമൂട് അനന്തു, ബൈജു, അരുൺ, ജനറൽ സെക്രട്ടറിമാരായ വിപിൻ, ജോബ് അശോകൻ, മിഥുൻ,പി.ഹരൻ പട്ടം, യൂണിറ്റ് പ്രസിഡന്റ്‌ വിനീത്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ബൈജു കാസ്ട്രോ, ജനറൽ സെക്രട്ടറി അഖിൽ, മുൻ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ഷാലിമാർ, ലാലൻ, ഹരിശങ്കർ എന്നിവർ പങ്കെടുത്തു.

തലസ്ഥാനത്തിന് നാഥനില്ലെന്ന്

തലസ്ഥാനത്തെ ജനങ്ങൾക്ക് കുടിവെള്ളം നൽകാതെ നരകത്തിലാക്കിയ ഭരണാധികാരികൾക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടിയിട്ടും പരിഹാരമാർഗങ്ങൾ കണ്ടെത്താൻ അധികാരികൾക്ക് കഴിഞ്ഞില്ല. നാഥനില്ലാത്ത തലസ്ഥാനമായി തിരുവനന്തപുരം മാറിയിരിക്കുന്നു. മുഖ്യമന്ത്രിയും പരിവാരങ്ങളും അന്തപ്പുരത്തിലെ കലാപങ്ങൾ അമർച്ച ചെയ്യാനുളള പാച്ചിലിലാണ്. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ട മേയർ സുഖനിദ്ര‌യിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.