
തിരുവനന്തപുരം: റഷ്യയിൽ നിന്ന് 555 വർഷം മുമ്പ് കടൽതാണ്ടി ഇന്ത്യയിലെത്തിയ വ്യാപാരി അഫനാസി നികിതിൻ സഞ്ചരിച്ച വഴിയിലൂടെ റഷ്യയുടെ ഓണററി കോൺസലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ യാത്ര ആരംഭിച്ചു.
നികിതിനെ പോലെ റഷ്യയിലെ ത്വേറിൽ നിന്ന് വോൾഗ നദിയിലൂടെയാണ് രതീഷ് യാത്ര തിരിച്ചത്. അസർബെയ്ജാൻ, ഇറാൻ, ഒമാൻ വഴി ഇന്ത്യയിലെത്തും. നികിതിൻ തന്റെ 'വോയേജ് ബിയോണ്ട് ത്രീ സീസ്' എന്ന പുസ്തകത്തിൽ വിവരിക്കുന്ന വോൾഗയുടെ കരയിലെ പട്ടണങ്ങൾ സന്ദർശിച്ചാണ് അസർബെയ്ജാനിൽ എത്തുക. നികിതിന്റെ പുസ്തകത്തിൽ പറയുന്ന ഇന്ത്യയിലെ ഇരുപതോളം സ്ഥലങ്ങളും സന്ദർശിക്കും. 40 ദിവസം നീളുന്ന 'വോയേജ് @ 555' ഒക്ടോബറിൽ കോഴിക്കോട്ട് സമാപിക്കും.
നികിതിൻ സന്ദർശിച്ച രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ പ്രഭാഷണം, എക്സിബിഷൻ, വ്യാപാരബന്ധം ദൃഢമാക്കാനുള്ള ചർച്ചകൾ, വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ എന്നിവയുമുണ്ടാകും. റഷ്യൻ എംബസി, റഷ്യൻ വിദേശ മന്ത്രാലയം, റഷ്യൻ ന്യൂക്ലിയർ കോർപ്പറേഷൻ റോസാറ്റം, സ്‌ബേർ ബാങ്ക് എന്നിവ സംയുക്തമായാണ് യാത്ര ഏകോപ്പിപ്പിക്കുന്നത്.