 ബ്ലോക്ക് പഞ്ചായത്തിൽ 14 ഡിവിഷനുകൾ കൂടി

 ജില്ലാ പഞ്ചായത്തിൽ രണ്ടു ഡിവിഷനുകളും വർദ്ധിക്കും

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി ഗ്രാമ‌പഞ്ചായത്ത് വാർഡുകൾ വർദ്ധിപ്പിച്ചതോടെ ജില്ലയിൽ 87 എണ്ണം കൂടും. ഇതോടെ ആകെയുള്ള 73 പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം 1299ൽ നിന്ന് 1386 ആകും. 9 ഗ്രാമ പഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലെന്ന് തദ്ദേശ വകുപ്പ് ഡയറക്ടർ (റൂറൽ) പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്.

പഴയകുന്നുമ്മേൽ,നഗരൂർ,അഴൂർ,അഞ്ചുതെങ്ങ്,പാങ്ങോട്,നന്ദിയോട്,പെരിങ്ങമല,ആര്യനാട്,പൂവാർ ഗ്രാമ പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണമാണ് വർദ്ധിപ്പിക്കാത്തത്. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 14 ഡിവിഷനുകൾ വർദ്ധിക്കും. ഇതോടെ 155 ഡിവിഷനുകളെന്നത് 169 ആകും. നെടുമങ്ങാട്,നേമം,പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തുകളിൽ 2 വീതം ഡിവിഷനുകൾ കൂടുമ്പോൾ വർക്കല,കിളിമാനൂർ,ചിറയിൻകീഴ്,വാമനപുരം,വെള്ളനാട്, അതിയന്നൂർ,പാറശാല,പോത്തൻകോട് ബ്ലോക്കുകളിൽ ഓരോ ഡിവിഷനുകൾ വീതമാണു വർദ്ധിക്കുന്നത്. ജില്ലാ പഞ്ചായത്തിൽ 2 ഡിവിഷനുകൾ കൂടി 28 ആകും. കോർപ്പറേഷൻ,മുനിസിപ്പാലിറ്റികളുടെ പട്ടിക ഇന്നും നാളെയുമായി ഇറങ്ങും.