തിരുവനന്തപുരം: കുടിവെള്ള വിതരണം തടസപ്പെട്ടത് കാരണം നഗരത്തിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. തിരുവനന്തപുരം-നാഗർകോവിൽ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജഗതി സി.ഐ.ടി റോഡിലുള്ള പ്രധാന പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലി ഇന്നലെ രാത്രി പത്തോടെ പൂർത്തിയാക്കി. ഇന്ന് പുലർച്ചെയോടെ നഗരത്തിലെ എല്ലായിടത്തും വെള്ളമെത്തും.
അപ്രതീക്ഷിതമായുണ്ടായ തടസങ്ങൾ കാരണമാണ് പണി നീണ്ടത്. ലൈൻ ചാർജ് ചെയ്തപ്പോൾ വാൽവിലുണ്ടായ ചോർച്ചയാണ് പ്രതിസന്ധിയിലാക്കിയത്. വാൽവ് ഊരി വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു പോംവഴി. ലൈനിലെ വെള്ളം നീക്കംചെയ്ത ശേഷമാണ് ജോലി പുനരാരംഭിക്കാൻ കഴിഞ്ഞത്. ഇതിനുവേണ്ടി ഏഴു മണിക്കൂറോളം വേണ്ടിവന്നു. ഇരുവശത്തുനിന്ന് പൈപ്പ് സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പൈപ്പ് യോജിപ്പിക്കുന്ന സ്ഥലത്ത് അലൈൻമെന്റിൽ മൂന്നു സെന്റിമീറ്റർ വ്യത്യാസമുണ്ടായത് പ്രശ്‌നം രൂക്ഷമാക്കി. ഇത് പരിഹരിക്കുന്നതിനായി മണ്ണ് നീക്കം ചെയ്‌ത് ലെവലാക്കുന്നതിനിടെ ചുവടുഭാഗത്തെ മണ്ണിടിഞ്ഞതോടെ വീണ്ടും പ്രതിസന്ധിയായി. പിന്നീട് ഈ മണ്ണ് നീക്കംചെയ്ത് വാൽവ് ഘടിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.