vakkam-khadhar

ഭഗത്‌സിംഗിനെപ്പോലെ, തന്റെ ഇരുപത്തിയാറാം വയസിൽ ബ്രിട്ടീഷ് ഭരണാധികാരികളാൽ വധിക്കപ്പെട്ട, വക്കം ഖാദറിനെ തൂക്കിലേറ്റിയതിന്റെ എൺപത്തിയൊന്നാം വാർഷികമാണിന്ന്. ഖാദറിനൊപ്പം ഫൗജാസിംഗ്, അനന്തൻ നായർ, ബർധൻ എന്നിവരെയും അതേദിവസം തൂക്കിലേറ്റിയിരുന്നു. 1917 മേയ് 25ന് വക്കത്ത് വാവാക്കുഞ്ഞിന്റെയും ഉമ്മുസൽമയുടെയും മകനായി പിറന്ന വക്കം ഖാദർ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ജോലി തേടിയാണ് മലയായിലേക്കു പോയതെങ്കിലും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനാകുകയും ഇന്ത്യൻ നാഷണൽ ആർമിയിൽ (ഐ.എൻ.എ) ചേരുകയുമാണുണ്ടായത്.

സമരത്തിന്റെ ഭാഗമായി അന്തർവാഹിനിയിൽ താനൂർ കടപ്പുറത്ത് എത്തിയ ഖാദർ അടങ്ങുന്ന സംഘത്തെ ബ്രിട്ടീഷ് പട്ടാളക്കാർ പിടികൂടുകയും വിചാരണയ്ക്കുശേഷം, 1943 സെപ്തംബർ പത്തിന് മദ്രാസ് സെൻട്രൽ ജയിലിൽ വച്ച് തൂക്കിലേറ്റുകയുമാണ് ചെയ്തത്. തന്നെ തൂക്കിലേറ്റുമ്പോൾ, അത് അനന്തൻ നായർ എന്ന തന്റെ ഹൈന്ദവ സഹോദരനോടൊപ്പമാകണമെന്ന് വക്കം ഖാദർ നിർബന്ധംപിടിച്ചു.

ഇന്ത്യ ഒന്നാണെന്നും ഭാഷ‌യ്ക്കും മതത്തിനും ജാതിക്കുമെല്ലാം അതീതമായി എന്നും അത് അഖണ്ഡ ഭാരതമായി നിലകൊള്ളേണ്ടതാണെന്നും വക്കം ഖാദറിനെപ്പോലുള്ള ധീര രക്തസാക്ഷികളുടെ ആഗ്രഹത്തെ നാം പൂർണ അർത്ഥത്തിൽ ഉൾക്കൊള്ളേണ്ടതാണ്. രാജ്യത്തെ പാരതന്ത്ര്യ‌ത്തിൽ നിന്ന് മോചിപ്പിക്കാൻ തന്റെ യുവത്വം ത്യജിച്ച വക്കം ഖാദർ, പിൽക്കാല തലമുറകൾ തങ്ങളുടെ ആദർശശുദ്ധി കാത്തുസൂക്ഷിക്കുമെന്ന് അദ്ദേഹത്തിന്റെ പിതാവിനും സഹതടവുകാരൻ ബോണിഫെസിനും മരണത്തലേന്ന് എഴുതിയ അവസാന കത്തുകളിൽ പ്രതീക്ഷ പുലർത്തുന്നുണ്ട്. ആ പ്രതീക്ഷകൾക്ക് അർത്ഥം നൽകേണ്ടത് കേരളത്തിലെയും ഭാരതമൊട്ടാകെയുമുള്ള ഇന്നത്തെ തലമുറയാണ്. വക്കം ഖാദറിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരപുഷ്പങ്ങൾ.