കടയ്ക്കാവൂർ: വക്കം ഖാദർ അസോസിയേഷൻ ആൻഡ് റിസർച്ച് ല്രെെബറിയുടെ ആഭിമുഖ്യത്തിൽ 81ാമത് വക്കം ഖാദർ രക്തസാക്ഷിത്വ ദിനാചരണം ഇന്ന് നടക്കും. സ്വാതന്ത്ര്യ സമരസേനാനി വക്കം ഖാദറിനെ തൂക്കിലേറ്റിയ സമയമായ രാവിലെ 5ന് കതിനവെടികൾ മുഴക്കി ചടങ്ങുകൾക്ക് തുടക്കം കുറിക്കും.

9ന് വക്കം ഖാദർ റിസർച്ച് ലെെബ്രറി പ്രസിഡന്റ് നസീമ ടീച്ചർ പതാക ഉയർത്തും. വെെകിട്ട് 3.30ന് മതസൗഹാർദറാലി മതമേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ കുടിയിരിക്കൽ ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച് നിലയ്ക്കാമുക്കിലെ ഖാദർ സ്മാരകത്തിൽ സമാപിക്കും.

റാലി സമാപനത്തോടനുബന്ധിച്ച് 4.30ന് വക്കം ഖാദർ അനുസ്മരണസമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷയാകും. വി.ശശി എം.എൽ.എ പുരസ്കാരം നൽകും. ജില്ലാപഞ്ചായത്ത് അംഗം ആർ.സുഭാഷ് മറുപടി പ്രസംഗം നടത്തും. മുൻ കേന്ദ്ര സാഹിത്യഅക്കാഡമി അംഗം ഡോ.കായംകുളം യൂനുസ്, ഡോക്യുമെന്ററി സംവിധായകൻ പ്രഭ അജാനൂർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലാലിജ, കടയ്ക്കാവൂർ പൊലീസ് എസ്.എച്ച്.ഒ സജിൻ ലൂയിസ്, ജോ.സെക്രട്ടറി അഡ്വ.കെ.പ്രദീപ് കുമാർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസിഡന്റ് കെ.രാജേന്ദ്രൻ സ്വാഗതവും ലെെബ്രറി സെക്രട്ടറി ഷാജു.ടി നന്ദിയും പറയും.