പള്ളിക്കൽ: മൂതല മുതൽ പള്ളിക്കൽ വരെയുള്ള റോഡ് ടാറിംഗിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത്. ഗുണനിലവാരമില്ലാത്ത കുടിവെള്ള പൈപ്പുകൾ കാലപ്പഴക്കത്താൽ പൊട്ടിയൊലിക്കുന്നതിനാൽ വാട്ടർഅതോറിട്ടി അറ്റകുറ്റപണിക്കായി റോഡ് വെട്ടിപ്പൊളിക്കുന്നത് നിത്യസംഭവമാണ്.
പൈപ്പുകൾ മാറ്റിസ്ഥാപിക്കാതെയാണ് ടാറിംഗ് പൂർത്തിയാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ജലവിഭവ വകുപ്പുമായി കൂടിയാലോചിക്കാതെയാണ് ടാറിംഗ് ജോലികൾ നടത്തിയതെന്നാണ് ആക്ഷേപം. പള്ളിക്കൽ പഞ്ചായത്തിലെ പത്ത് വാർഡിലുള്ളവർ ഗുണഭോക്താക്കളായ പള്ളിക്കൽ ജലവൈദ്യുതപദ്ധതി മുൻപേ തുടങ്ങിയതാണ്. മൂലഭാഗം മുതൽ പള്ളിക്കൽ വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്ത് റോഡിന് മൂന്ന് മീറ്റർ ആയിരുന്നപ്പോൾ വശത്തുണ്ടായിരുന്ന എ.സി കോൺക്രീറ്റ് പൈപ്പുകൾ പിന്നീട് റോഡ് അഞ്ചര മീറ്റർ വീതിയായപ്പോൾ മദ്ധ്യഭാഗത്തായി.
പൈപ്പുകൾ പൊട്ടിയൊലിക്കുന്നു
മൂലഭാഗം പള്ളിക്കൽ റോഡിന്റെ പല സ്ഥലങ്ങളിലായി പലതവണ പൈപ്പുകൾ പൊട്ടി ഒലിച്ചിട്ടുണ്ട്. ഓണനാളുകളിൽ റോഡിനുള്ളിലെ പൈപ്പുകൾ പൊട്ടിയൊലിച്ച് കുടിവെള്ളം മുടങ്ങുന്നതിനോടൊപ്പം ഗതാഗത തടസവും സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.