
തിരുവനന്തപുരം: കുടിവെള്ളം തടസപ്പെടുത്തി പൈപ്പ് പണി നടത്തുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് ഒരു നടപടിക്രമം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ) കൊണ്ടുവരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇതിനായി വാട്ടർ അതോറിട്ടി എം.ഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച ചർച്ച നടത്തും. തിരുവനന്തപുരത്ത് ഉണ്ടായതുപോലുള്ള പ്രതിസന്ധി ഭാവിയിലുണ്ടാകാതിരിക്കാനുള്ള നടപടികളെ കുറിച്ച് ചർച്ച ചെയ്യും.
അടിയന്തര ഘട്ടങ്ങൾ ഒഴികെയുള്ള പണികൾ ചെയ്യുന്നതിന് 15 ദിവസത്തിന് മുമ്പെങ്കിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. മുൻകരുതലായി ആവശ്യത്തിനുള്ള വെള്ളം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടവുമായി ചേർന്ന് നടപടിയെടുക്കും. തിരുവനന്തപുരം നഗരസഭയിൽ എത്രമാത്രം വെള്ളം ആവശ്യമുണ്ടെന്നത് സംബന്ധിച്ച് മേഖലാടിസ്ഥാനത്തിൽ മുൻഗണനാക്രമം നിശ്ചയിക്കും. ഇതിനായി വാർഡ് കൗൺസിലർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി കൂടിയാലോചന നടത്തും.
തിരുവനന്തപുരത്തുണ്ടായ പ്രശ്നം അതീവ ഗൗരവമേറിയതാണ്. ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഴ്ചയുണ്ടായാൽ അത് പരിഹരിക്കുകയാണ് പ്രധാനം. വി.കെ.പ്രശാന്ത് എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ പറഞ്ഞത് മുഖവിലയ്ക്കെടുക്കും. കുടിവെള്ളം ഭരണ, പ്രതിപക്ഷ വിഷയമല്ല. പ്രശ്നം പരിഹരിക്കുകയും ഭാവിയിൽ ഇതുപോലെയുള്ള പ്രതിസന്ധി ഉണ്ടാകാതിരിക്കുകയുമാണ് മുഖ്യം.
നിവിൻ പോളിക്കെതിരായ
പീഡനക്കേസ്: അന്വേഷണ
സംഘം ദുബായിലെത്തും
സ്വന്തം ലേഖകൻ
കൊച്ചി: നടൻ നിവിൻ പോളി പ്രതിയായ ലൈംഗിക പീഡനക്കേസിൽ പ്രത്യേകസംഘം ദുബായിലും അന്വേഷണം നടത്തും. സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് യുവതിയെ ദുബായിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
എറണാകുളം നേര്യമംഗലം സ്വദേശിനി തിരുവനന്തപുരത്ത് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിവിൻ പോളിയടക്കം ആറുപേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതിനു പിന്നാലെ, ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നും യുവതിയെ കണ്ടിട്ടില്ലെന്നും, ആരോപിക്കപ്പെട്ട സമയത്ത് താൻ ദുബായിൽ ഇല്ലായിരുന്നെന്നും വ്യക്തമാക്കി നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകി. യുവതി നൽകിയ മൊഴിപ്രകാരമുള്ള തീയതികളിൽ നിവിൻ പോളി കേരളത്തിലായിരുന്നു എന്നതിന് തെളിവുകൾ പുറത്തുവന്നതോടെ അന്വേഷണസംഘം നിയമോപദേശം തേടിയിരുന്നു.
കഴിഞ്ഞദിവസം യുവതിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നു. ഇതിലാണ് തുടർനടപടി പൂർത്തിയാക്കാൻ ദുബായിൽ പോകണമെന്ന് വിലയിരുത്തിയത്.
വിദേശ റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന ശ്രേയയെന്ന യുവതിയാണ് ഒന്നാം പ്രതി. നിർമ്മാതാവ് എ.കെ. സുനിൽ, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെ പ്രതികൾ.
അതേസമയം, പരാതിക്കാരിയുടെ പേരും ചിത്രവും പുറത്തുവിട്ട 12 യൂട്യൂബർമാർക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് നടപടി.
നടനെതിരെ യുവതി ഉന്നയിക്കുന്നത് വ്യാജ പരാതിയാണെന്ന് ആരോപിച്ചായിരുന്നു ഇവരുടെ പ്രചാരണം.
വാർഡ് പുനർനിർണ്ണയം : അപാകതകൾ തിരുത്തണം
തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ വാർഡുകൾ പുനർനിർണ്ണയിക്കുന്ന തദ്ദേശ വകുപ്പ് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ സംസ്ഥാന ചെയർമാൻ എം.മുരളി ആവശ്യപ്പെട്ടു. 2011ലെ സെൻസസിന് കടകവിരുദ്ധമായാണ് പല പഞ്ചായത്തുകളിലും, ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും സീറ്റ് നിർണ്ണയിച്ചിരിക്കുന്നത്. ഇത് അടിയന്തരമായി പുനഃപരിശോധിച്ച് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.