
വർക്കല: കടലിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കംചെയ്ത് മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശ വികസനവും ലക്ഷ്യമിട്ട് 2017 നവംബറിൽ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ശുചിത്വ സാഗരം സുന്ദരതീരം. ബോധവത്കരണം, പ്ലാസ്റ്റിക്ക് മാലിന്യശേഖരണവും പുനരുപയോഗവും, തുടർ ക്യാമ്പെയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതിയെങ്കിലും പ്രവർത്തനങ്ങൾ മങ്ങലേറ്റു നിൽക്കുകയാണ്. വെട്ടൂർ പഞ്ചായത്തിലെ അരിവാളം ബീച്ച് മുതൽ ഇടവ ഗ്രാമപഞ്ചായത്ത് പരിധിയിലെ കാപ്പിൽ ബീച്ച് വരെയുള്ള കടൽത്തീരം പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കുന്നതിന് നടപടികളില്ല. പ്ലാസ്റ്റിക്ക് മാലിന്യക്കൂമ്പാരങ്ങൾ കടൽത്തീരത്ത് പലയിടങ്ങളിലും കാണാൻ കഴിയും. ബോധവത്കരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നടന്നെങ്കിലും തുടർപ്രവർത്തനങ്ങളിൽ യാതൊന്നും നടന്നില്ല.
മാതൃകയാകേണ്ട പദ്ധതി
മത്സ്യത്തൊഴിലാളികളുടെ വരുമാനവും തൊഴിൽസുരക്ഷയും ലഭ്യമാക്കി കടലും തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ തിരിച്ചെടുക്കുന്ന പദ്ധതിക്ക് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രശംസ ലഭിച്ചിരുന്നു. എന്നാൽ പദ്ധതി നടത്തിപ്പിൽ കാര്യമായ മുന്നൊരുക്കം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം
തീരദേശ മാലിന്യശേഖരണം കാര്യക്ഷമമായി നടക്കുന്നില്ല. നിലവിൽ പാപനാശം ബീച്ച് പ്രദേശത്ത് മാത്രമാണ് നഗരസഭാ ശുചീകരണ തൊഴിലാളികൾ മാലിന്യം ശേഖരിക്കുന്നത്. മാലിന്യ നിക്ഷേപത്തിനായി പ്രദേശത്ത് ആവശ്യത്തിന് വേസ്റ്റ് ബിന്നുകളില്ല. സന്നദ്ധസംഘടനകൾ ഉൾപ്പെടെയുള്ളവർ പലപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പരിമിതമായ സംവിധാനമാണ് കഴിഞ്ഞ ഒരുവർഷക്കാലത്തിനുള്ളിൽ ഒരുക്കിയത്. സഞ്ചാരികളുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധന ഉണ്ടായിട്ടും മാലിന്യനിക്ഷേപത്തിനുള്ള അടിസ്ഥാന സൗകര്യം ബീച്ചുകളിൽ ലഭ്യമല്ല.
പദ്ധതിയും പാളി
സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ച് ആക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ച് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം തരംതിരിച്ച് ക്ലീൻ കേരള മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലയിൽ ഷ്രെഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിച്ചാലുള്ള ശിക്ഷയെ സംബന്ധിച്ച് നോട്ടീസ് വിതരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച ബോർഡുകളും ബീച്ചുകളിൽ സ്ഥാപിക്കുമെന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. എന്നിട്ടും ഇവയൊന്നും നടപ്പാക്കിയിട്ടില്ല.