തിരുവനന്തപുരം: തലസ്ഥാനത്തെ വലച്ച കുടിവെള്ള പ്രതിസന്ധിയിൽ പ്രതിരോധത്തിലായി ഭരണപക്ഷം.മേയർ ആര്യാ രാജേന്ദ്രൻ,ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർക്കെതിരെ പ്രതിപക്ഷസംഘടനകൾ പ്രതിഷേധമുയർത്തിക്കഴിഞ്ഞു.പൈപ്പ് മാറ്റിയിടുന്നതിന്റെ പേരിൽ ദിവസങ്ങളായി നഗരപരിധിയിൽ തുടരുന്ന പ്രതിസന്ധിക്കൊരുക്കിയ ബദൽസംവിധാനവും പരാജയമായതോടെ വിഷയത്തിൽ രാഷ്ട്രീയം കലർന്നു.
നഗരത്തിലെ പകുതിയോളം വാർഡുകളിലാണ് കുടിവെള്ളം മുടങ്ങിയത്.ദൈനംദിന ആവശ്യങ്ങൾക്കുള്ള വെള്ളത്തിനായി ജനം നെട്ടോട്ടമോടി.ജലഅതോറിട്ടി നഗരസഭയുമായി കൂടിയാലോചനകൾ നടത്തിയില്ലെന്ന വിമർശനവും ഭരണപക്ഷത്ത് നിന്നുയരുന്നുണ്ട്.ഇതിന്റെ ഭാഗമായി കോൺഗ്രസ് കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ഉദ്യോഗസ്ഥ വീഴ്ചയാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്ന ന്യായീകരണമാണ് നഗരസഭ അധികൃതരും, ജലവിഭവമന്ത്രിയും നടത്തുന്നത്.എന്നാൽ ഇക്കാര്യത്തിൽ മേയറും മന്ത്രിയുമടക്കമുള്ള ജനപ്രതിനിധികളുടെ പരാജയമാണ് പ്രതിപക്ഷത്തിന്റെ പ്രചാരണായുധം.
മഴക്കാലപൂർവ ശുചീകരണത്തിലടക്കം ഗുരുതരമായ വീഴ്ചയുണ്ടെന്ന ആരോപണമടക്കം നഗരസഭയുടെ ഭരണപരാജയമെടുത്ത് കാട്ടി നിരവധി പരാതികളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. തലസ്ഥാനത്ത് നടക്കുന്ന സ്മാർട്ട് റോഡ് നിർമ്മാണം മാസങ്ങളോളം ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ വിഷയങ്ങളുന്നയിച്ച് ഭരണപക്ഷത്തിനെതിരെ സമരമുഖം തുറക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം.