jaison

ഇളയദളപതി വിജയ്‌യുടെ മകൻ ജയ്സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുദീപ് കിഷൻ നായകൻ. തെലുങ്ക് ചിത്രം പ്രസ്ഥാനത്തിലൂടെ നായകനായി എത്തിയ സുദീപ് കിഷൻ തമിഴിലാണ് ഏറെ ശ്രദ്ധേയനായത്. മാനഗരം, ക്യാപ്ടൻ മില്ലർ, രായൻ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

ധനുഷ് സംവിധായകനും നായകനുമായി എത്തിയ രായനിൽ മുത്തുവേലരായൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ധനുഷിന്റെ അനുജൻ കഥാപാത്രത്തെ അവതരിപ്പിച്ച സുദീപ് കിഷന്റെ നായിക അപർണ ബാലമുരളിയായിരുന്നു.‌

ദ ഫാമിലി മാൻ എന്ന ഹിന്ദി ആക്ഷൻ ഡ്രാമ വെബ് സീരിസിൽ മേജർ വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കൂടുതൽ ശ്രദ്ധേയനായത്. ചെന്നൈയിൽ തെലുങ്ക് കുടുംബത്തിൽ ജനിച്ച സുദീപ് കിഷൻ , സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ശിഷ്യനായും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം വിജയ്‌യുടെ മകൻ ജയ്സൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ നായകനാരായിരിക്കും എന്ന് പല ഉൗഹോപഹങ്ങൾ പ്രചരിച്ചിരുന്നു. ധ്രുവ് വിക്രം ,ദുൽഖർ സൽമാൻ എന്നിവരുടെ പേരുകൾ ഉയർന്നിരുന്നു.ചിത്രത്തിൽ നായികയാരായിരിക്കും എന്നതാണ് ഇനി ഉറ്റുനോക്കുന്നത്. വിജയ് യുടെ മകൻ സംവിധായകനായി എത്തുന്നത് വൻപ്രതീക്ഷയാണ് നൽകുന്നത്. ചിത്രീകരണം വൈകാതെ ആരംഭിക്കാനാണ് തീരുമാനം.

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് നിർമ്മാണം.