 സർക്കാരിനും നഗരസഭയ്ക്കും എതിരായി വികാരം സൃഷ്ടിച്ചു

 എം.എൽ.എമാർക്കു പോലും അറിയിപ്പ് നൽകിയില്ല

തിരുവനന്തപുരം: അഞ്ചുദിവസം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച വാട്ടർ അതോറിട്ടിയുടെ നടപടിക്കെതിരെ മന്ത്രി റോഷി അഗസ്റ്റിന് ഭരണകക്ഷി എം.എൽ.എയുടെ പരാതി. മൂന്ന് വാൽവ് അടച്ച് പൂർത്തിയാക്കേണ്ട പ്രവൃത്തിയായിരുന്നുവെന്നും,എന്നാൽ പരമാവധി ആറ് വാർഡിലേക്ക് മാത്രമായി പ്രശ്നം ചുരുങ്ങുമായിരുന്നുവെന്നും വി.കെ.പ്രശാന്ത് എം.എൽ.എ മന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്.

ഞായറാഴ്ച രാത്രിയോടെ പമ്പിംഗ് പുനഃരാരംഭിച്ചെങ്കിലും ഇന്നലെ വൈകിട്ട് അഞ്ചുവരെയും ജലവിതരണം സുഗമമാകാതെ വന്നതോടെയാണ് വി.കെ.പ്രശാന്ത് പരാതി നൽകിയത്.വാട്ടർ അതോറിട്ടിയുടെ ജലവിതരണ ശൃംഖലയിലെ പള്ളിമുക്ക് വാൽവ്,കണ്ണേറ്റുമുക്ക് വാൽവ്,കരമന വാൽവ് എന്നിവ മാത്രം അടച്ചുകൊണ്ട് ട്രാൻസ്‌മിഷൻ മെയിൻ ലൈനിന്റെ അലൈൻമെന്റ് മാറ്റാനാകുമായിരുന്നുവെന്ന് ഈ മേഖലയിൽ നിരവധി വർഷത്തെ പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരിൽ നിന്നും കരാറുകാരിൽ നിന്നും മനസിലാക്കി. വാട്ടർ അതോറിട്ടി മാദ്ധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പിൽ പറയാത്ത നിരവധി വാർഡുകളിലും ജലവിതരണം പൂർണമായി തടസപ്പെട്ടു.

അറിയിപ്പിൽ 48 മണിക്കൂറാണ് പറഞ്ഞതെങ്കിലും 120 മണിക്കൂർ പിന്നിട്ടിട്ടാണ് ജലവിതരണം ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനായത്. ഇത്ര ബൃഹത്തായ ഒരു പ്രവൃത്തി നടക്കുമ്പോൾ അത് സംബന്ധിച്ചോ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചോ വാട്ടർഅതോറിട്ടി ഉദ്യോഗസ്ഥർ ഈ മേഖലയിലെ നിയമസഭാ അംഗങ്ങൾക്ക് അറിയിപ്പ് നൽകിയില്ല.

നഗരവാസിക്കൾക്കിടയിൽ സംസ്ഥാന സർക്കാരിനും നഗരസഭയ്ക്കും എതിരായ ജനവികാരം രൂപപ്പെടുന്നതിന് കടിവെള്ള പ്രശ്നം കാരണമായി.ഇതിനുപിന്നിൽ ചില ഉന്നത ഉദ്യോഗസ്ഥരുടെ ബോധപൂർവമായ ശ്രമങ്ങളുണ്ടായിട്ടുണ്ടോയെന്ന് ഗൗരവപൂർവം പരിശോധിക്കണമെന്നും പരാതിയിലുണ്ട്.

നഗരത്തിലെ കുടിവെള്ള വിതരണ ശൃംഖല സംബന്ധിച്ച് വ്യക്തമായ ധാരണയോ പരിചയ സമ്പത്തോയില്ലാത്ത ചില ഉയർന്ന ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തണം.ഗൗരവകരമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വി.കെ.പ്രശാന്ത്

എം.എൽ.എ