തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിൽ ജലവിതരണം തടസപ്പെട്ട സാഹചര്യത്തിൽ ലഭ്യമാകുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ലഭ്യമാകുന്ന വെള്ളം ടാങ്കുകളിലോ വലിയ പാത്രങ്ങളിലോ ശേഖരിച്ച് ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കണം. (1000 ലിറ്ററിന് 5ഗ്രാം ബ്ലീച്ചിംഗ് പൗഡറെന്ന തോതിൽ കലക്കി തെളിച്ച് ഒഴിക്കണം).തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. പാചകത്തിനും പാത്രങ്ങൾ വൃത്തിയാക്കുന്നതിനും കൈയും വായും വൃത്തിയാക്കുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം.
കുട്ടികൾ,കിടപ്പുരോഗികൾ,വൃദ്ധർ എന്നിവർക്ക് വായ് കഴുകാനും കൈ കഴുകാനും തിളപ്പിച്ചാറ്റിയ വെള്ളം നൽകണം. ഹോട്ടലുകാരും പാചകക്കാരും വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കണം.തിളപ്പിച്ച കുടിവെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ചേർക്കരുത്. ജ്യൂസുകൾ തയാറാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളവും ശുദ്ധജലത്തിൽ തയാറാക്കിയ ഐസും മാത്രം ചേർക്കണം. ആഹാരത്തിന് മുൻപും ശേഷവും കൈയും വായും വൃത്തിയാക്കാൻ ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.