തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആന വിരണ്ടു.ക്ഷേത്രത്തിലെ പിടിയാനയായ സുദർശനി ഇന്നലെ രാവിലെ 11നായിരുന്നു പതിവ് നടത്തത്തിനിടയിൽ വിരണ്ടത്. ക്ഷേത്രത്തിലെ ശീവേലിപ്പുരയിൽ നിന്ന് ആന ഇടഞ്ഞോടുകയായിരുന്നു. രാവിലെ ക്ഷേത്രത്തിൽ ഭക്തരില്ലാത്ത സമയത്ത് ആനയെ പതിവ് നടത്തത്തിനായി ക്ഷേത്രത്തിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. അധികം ഭക്തരില്ലാത്ത സമയമായതിനാലും വേഗത്തിൽ തളയ്ക്കാൻ കഴിഞ്ഞതിനാലും അപകടം ഒഴിവായി.
ക്ഷേത്രത്തിൽ നടക്കുന്ന നിർമാണത്തിനിടെ യന്ത്രസാമഗ്രികളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ആന വിരണ്ടതെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.ശബ്ദം നിലച്ചപ്പോൾ ആന ശാന്തയായെന്നും ക്ഷേത്രത്തിൽ നിന്നറിയിച്ചു.
ക്ഷേത്രത്തിലുണ്ടായിരുന്ന രണ്ട് പിടിയാനകളിൽ ഒന്നായ പ്രിയദർശിനി മൂന്ന് വർഷം മുൻപ് ചരിഞ്ഞിരുന്നു. 13 കാരിയായ സുദർശനി എന്ന ആനയാണ് ഇപ്പോഴുള്ളത്. പിടിയാനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കാറില്ലെങ്കിലും ആറാട്ടിനും മറ്റ് ഉത്സവങ്ങൾക്കും മുന്നിൽ പെരുമ്പറ കൊട്ടി എഴുന്നള്ളിക്കാൻ ഉപയോഗിക്കുന്നുണ്ട്.