തിരുവനന്തപുരം: കാട്ടിലെ കലർപ്പില്ലാത്ത നറുതേനും വനവിഭവങ്ങളും കാഴ്ചക്കുലകളും...കാഴ്ചദ്രവ്യങ്ങളുമായി കവടിയാർ കൊട്ടാരത്തിലേക്കുള്ള കാണിക്കാരുടെ വരവിന് പതിവ് തെറ്റിയില്ല. പൂയം തിരുനാൾ ഗൗരി പാർവതീബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി എന്നിവർ 35 പേരടങ്ങുന്ന സംഘത്തെ വരവേറ്റു. കോട്ടൂർ മുണ്ടണി മാടൻതമ്പുരാൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് കാണിക്കാർ കൊട്ടാരം സന്ദർശിച്ചത്. അഗസ്ത്യാർ കൂടത്തിലെ പാറാറംപാറ,കുന്നന്ദേരി,പ്ളാവിള,പൊത്തോട് തുടങ്ങിയ സെറ്റിൽമെന്റുകളിൽ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്.
സംഘം കാട്ടുവള്ളികൾകൊണ്ട് കൊട്ടാരത്തിലെ അംഗങ്ങൾക്കായി ഊഞ്ഞാലുമൊരുക്കി. ഈറ്റയിലും ചൂരലിലും നെയ്ത വട്ടികൾ,പൂക്കൂടകൾ,മുളംകുറ്റിയിൽ നിറച്ച തേൻ,വാഴക്കുലകൾ,കാട്ടിൽ വിളയിച്ച വിവിധതരം കാർഷികോത്പന്നങ്ങൾ എന്നിവയാണ് ഓണക്കാഴ്ചയായി കൊട്ടാരത്തിലെത്തിച്ചത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം,ശംഖുംമുഖം എന്നിവ സന്ദർശിച്ചാണ് സംഘം മടങ്ങിയത്.അഗസ്ത്യാർ കൂടത്തിലെ പൂജകൾ നിർഹിക്കുന്നത് കാണിസമൂഹമാണ്. വനംവകുപ്പിന്റെ നെയ്യാർ,പേപ്പാറ റെയ്ഞ്ചുകൾ, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് എന്നിവയുടെ പ്രവർത്തനത്തിൽ കാണിക്കാരുടെ സഹകരണമുണ്ട്. കോട്ടൂരിലെ ആനസംരക്ഷണകേന്ദ്രത്തിലെ താത്കാലിക ജോലികളും വനംവകുപ്പ് ഇവർക്ക് നൽകുന്നുണ്ട്.