തിരുവനന്തപുരം: തലസ്ഥാന നിവാസികളെ അഞ്ച് ദിവസം ദുരിതത്തിലാക്കിയ കുടിവെള്ള പ്രശ്നത്തിന് ഇടയാക്കിയത് ആസൂത്രണമില്ലായ്മയും നടപടിക്രമങ്ങളിലെ വീഴ്ചയുമെന്ന് ആക്ഷേപം.നഗരത്തിലെ 45ഓളം വാർഡുകളെ ബാധിക്കുന്ന പ്രശ്നമായിട്ടും നിർമ്മാണപ്രവർത്തനം സംബന്ധിച്ച വ്യക്തമായ രൂപരേഖ തയാറാക്കുകയോ കുടിവെള്ളത്തിന് പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തില്ല.
കൂടാതെ, ചെറിയ പ്രദേശത്ത് മാത്രം ഒതുക്കാമായിരുന്ന ജലവിതരണ തടസം വ്യാപകമാക്കിയതിൽ ക്രമക്കേടുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്.
അരുവിക്കര ശുദ്ധജലസംഭരണിയിൽ നിന്നുള്ള വെള്ളമാണ് ആറ് പ്ലാന്റുകളിലൂടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്.ഇതിനുള്ള പ്രധാന പൈപ്പുകൾ അടക്കമുള്ളവയ്ക്ക് 90 വർഷം വരെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു.
ഈ പൈപ്പുകളുടെ വിന്യാസം സംബന്ധിച്ചും വാൽവുകൾ ഘടിപ്പിച്ചിരിക്കുന്നതിലും ഇപ്പോഴുള്ള ഉദ്യോഗസ്ഥരിൽ മിക്കവർക്കും വ്യക്തതയില്ലാത്തതും അടിയന്തര ഘട്ടത്തിലുള്ള പണികളെ ബാധിക്കുന്നുണ്ട്.
ഒരു പ്രദേശത്തെ പൈപ്പ് ലൈനുകളെക്കുറിച്ചുള്ള സമഗ്രവിവരം ലഭ്യമാക്കുന്ന ആസ് ലെയ്ഡ് മാപ്പ് വാട്ടർ അതോറിട്ടിയിൽ ലഭ്യമല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.ഓരോയിടത്തും കടന്നുപോകുന്ന പൈപ്പ് ലൈനുകളുടെ അളവ്,ഏതുതരം,എത്ര വാൽവുകളുണ്ട്,പുതിയതായി പൈപ്പുകൾ മാറ്റിയ പോയിന്റുകൾ,പഴയ പൈപ്പുകളുള്ള സ്ഥലങ്ങൾ,പതിവായി തകരാറിലാകുന്ന പ്രദേശം,പരസ്‌പരം കൂടിച്ചേരുന്നയിടങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം ഈ മാപ്പിലാണുള്ളത്.പുതിയ വിവരങ്ങൾ ചേർത്ത് ഈ മാപ്പ് പരിഷ്കരിച്ചിട്ട് പതിറ്റാണ്ടുകളായെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
അടിമുടി അശാസ്ത്രീയത
തിരുവനന്തപുരം - നാഗർകോവിൽ റെയിൽവേപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പി.ടി.പി നഗറിൽ നിന്ന് ഐരാണിമുട്ടം ഭാഗത്തേക്കും നേമം ഭാഗത്തേക്കുമുള്ള പൈപ്പ് ലൈൻ അലെയ്ൻമെന്റ് പണിയിലും തികച്ചും അശാസ്ത്രീയമായ നടപടിയാണുണ്ടായത്.
24 മണിക്കൂറിൽ തീർക്കുന്നതിനായി തുടങ്ങിയ പൈപ്പ് ലൈൻ അലെയ്‌ൻമെന്റ് പണി 48 മണിക്കൂർ പിന്നിട്ടപ്പോഴും അതിനുശേഷവും സൂപ്രണ്ടിംഗ് എൻജിനിയർ,വാട്ടർ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.സെക്രട്ടേറിയറ്റടക്കമുള്ള ഭരണസിരാകേന്ദ്രത്തിൽ തുള്ളി വെള്ളമില്ലാതായതിനെ തുടർന്നാണ് അധികൃതർ അടിയന്തര നടപടികളെക്കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്നും ആരോപണമുയർന്നിട്ടുണ്ട്.
കീഴുദ്യോഗസ്ഥരെ
ബലിയാടാക്കാൻ നീക്കം
വാട്ടർ അതോറിട്ടിയിലെ ഉന്നതഉദ്യോഗസ്ഥർ അടക്കമുള്ളവരിൽ നിന്നുണ്ടായ വീഴ്ചകളിൽ സെക്ഷൻ പരിധിയിലെ ഒരു വിഭാഗം കീഴുദ്യോഗസ്ഥരെ ബലിയാടാക്കാൻ ചില ഉന്നതർ നീക്കം നടത്തുന്നതായാണ് സൂചന. പണി തീർക്കാൻ വേണ്ടി രാപകലില്ലാതെ അദ്ധ്വാനിച്ചവരാണ് ഇപ്പോൾ പഴികേൾക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. വീഴ്ചകളെക്കുറിച്ച് വാട്ടർ അതോറിട്ടിയും നഗരസഭ അധികൃതരും പരസ്പരം പഴിചാരുന്നതിനിടെയാണ് മുഖം രക്ഷിക്കാനുള്ള ഈ നീക്കം.