തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 11 മുതൽ 14 വരെ സംഘടിപ്പിക്കുന്ന കർഷകചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും.വൈകിട്ട് 3.30ന് തിരുവനന്തപുരം വികാസ് ഭവൻ അങ്കണത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.മന്ത്രി ജി.ആർ.അനിൽ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വില്പനശാലയുടെ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിക്കും.കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 1076 വിപണികൾ,ഹോർട്ടികോർപ്പിന്റെ 764 വിപണികൾ, വി.എഫ്.പി.സി.കെ.യുടെ 160 വിപണികൾ എന്നിങ്ങനെ ആകെ 2000 കർഷക ചന്തകളാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ ഉത്പന്നങ്ങൾക്ക് മൊത്ത വ്യാപാര വിലയേക്കാൾ 10 ശതമാനവും ജൈവ ഉത്പന്നങ്ങൾക്ക് 20ശതമാനവും അധിക വില നൽകി സംഭരിക്കും.പൊതുജനങ്ങൾക്ക് ചില്ലറ വ്യാപാര വിലയെക്കാൾ 30ശതമാനം വിലക്കുറവിൽ പഴം പച്ചക്കറികൾ വാങ്ങാം.