തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ ഉന്തും തള്ളും ജലപീരങ്കി പ്രയോഗവും.ജലപീരങ്കി പ്രയോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ.സജിത് അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
കുഴഞ്ഞുവീണ സജിത്തിനെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ചു.തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചതിനെ ചോദ്യം ചെയ്ത യുവമോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പലതവണ പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ മതിൽച്ചാടി കടക്കാൻ ശ്രമിച്ചു.തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് റോഡിന് മറുവശത്തേക്ക് തള്ളിമാറ്റി. അതോടെ പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ മാർച്ച് ഉദ്ഘാടനം ചെയ്തു. സമരങ്ങളെ അടിച്ചമർത്താമെന്നാണ് പിണറായി വിജയൻ മോഹിക്കുന്നതെങ്കിൽ സമരം ക്ലിഫ് ഹൗസിന് മുന്നിലേക്ക് മാറ്റേണ്ടി വരുമെന്ന് പി.സുധീർ പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ് അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ,സംസ്ഥാന ജനറൽ സെക്രട്ടറി എം.ഗണേഷ്,അദീന,മനുപ്രസാദ്,പ്രണവ്,നിതിൻ, അഭിജിത്ത്,പൂവച്ചൽ അജി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.