തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നഗരസഭ ഇന്നലെ ടാങ്കർ വഴി വിതരണം ചെയ്തത് 3.6 ലക്ഷം ലിറ്റർ വെള്ളം.45 വാർഡുകളിലാണ് വെള്ളമെത്തിച്ചത്.ഇതിനുപുറമെ കഴക്കൂട്ടം മേഖലയിൽ സ്ഥാപിച്ച വാട്ടർ ടാങ്ക് വഴിയും ടാങ്കർ വഴിയും വെള്ളമെത്തിച്ചതായി നഗരസഭ അറിയിച്ചു.
പുലർച്ചെ മുതൽ ഇന്നലെ വൈകിട്ട് വരെ നൽകിയ കണക്കാണിത്. 53 ലോഡുകളിലാണ് 3.5 ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്തത്.

ഇതുകൂടാതെ ഓൺലൈൻ ബുക്കിംഗ് വഴി 320 ലോഡുകളിലായി 28.7 ലക്ഷം ലിറ്റർ വെള്ളവും വിതരണം ചെയ്തു.കഴിഞ്ഞ ദിവസം പുറത്തുനിന്ന് വാടകയ്ക്കെടുത്ത 25 ടാങ്കറും കൊച്ചിയിൽ നിന്ന് വരുത്തിയ 10 ടാങ്കറുകളിലുമായാണ് ജലവിതരണം നടത്തിയത്.പമ്പിംഗ് ആരംഭിച്ചെങ്കിലും പല സ്ഥലങ്ങളിലും ഇതുവരെ കുടിവെള്ളമെത്തിയിട്ടില്ല.എന്നാൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കുടിവെള്ള വിതരണം താരതമ്യേന കുറവായിരുന്നുവെന്നും നഗരസഭ അറിയിച്ചു. കുടിവെള്ളക്ഷാമം പൂർണമായി പരിഹരിച്ചശേഷമേ നഗരസഭയും ജലവിതരണം അവസാനിപ്പിക്കൂവെന്ന് അറിയിച്ചു.

ടാങ്കറുകളുടെ എണ്ണം കുറയ്ക്കും

വെള്ളം ഇന്നലെ മുതൽ ചെറുതായി ലഭിച്ചുതുടങ്ങിയതോടെ ഇന്നുള്ള ടാങ്കറുകളുടെ എണ്ണം കുറയ്ക്കും.നിലവിൽ വലിയ രീതിയിലുള്ള പ്രതിസന്ധിയില്ലാത്ത സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് വരുത്തിയ 10 ടാങ്കറുകൾ തിരിച്ചയക്കും.ബാക്കി 25 ടാങ്കറുകളിൽ ആവശ്യമെങ്കിൽ സൗജന്യ ജലവിതരണം നടത്തുമെന്ന് നഗരസഭ അറിയിച്ചു.

കൺട്രോൾ റൂമിലേക്ക് പരാതി പ്രളയം

ഇന്നലെയും നഗരസഭ ആരംഭിച്ച കൺട്രോൾ റൂമിലേക്ക് പരാതി പ്രളയമായിരുന്നു.അയ്യായിരത്തിനടുത്ത് കോളുകളാണ് ലഭിച്ചത്.ഇന്ന് വൈകിട്ടോടെ മാത്രമേ എല്ലായിടത്തും ആവശ്യത്തിന് വെള്ളമെത്തൂവെന്നാണ് നിഗമനം.

ജലവിതരണം പൂർണമാകും വരെ കൺട്രോൾ റൂം പ്രവർത്തിക്കും.ഫോൺ: 9447377477,8590036770.