തിരുവനന്തപുരം: പൈപ്പ് ലൈൻ പണിയുടെ പേരിൽ മുടങ്ങിയ കുടിവെള്ളം അഞ്ചാം ദിവസം പുനഃസ്ഥാപിച്ചിട്ടും ദുരിതം മാറാതെ നഗരവാസികൾ.രാവിലെ മുതൽ കുടിവെള്ളം കിട്ടിത്തുടങ്ങിയെങ്കിലും മിക്കയിടത്തും നൂലുപോലെയാണ് വരുന്നതെന്ന് നാട്ടുകാർ പറയുന്നു.ഉയർന്ന പ്രദേശങ്ങളിലും കെട്ടിടത്തിന്റെ രണ്ടാം നിലയിലും അതിനു മുകളിലൊന്നും വെള്ളമെത്തുന്നില്ല.
സെക്രട്ടേറിയറ്റിന് സമീപത്തുള്ള പുളിമൂട്,വഞ്ചിയൂർ,വട്ടിയൂർക്കാവ്,നെട്ടയം തുടങ്ങിയ സ്ഥലങ്ങളിലെ ഉയർന്ന ഭാഗങ്ങളിൽ ഇതുവരെ വെള്ളം എത്തിത്തുടങ്ങിയിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിലാണെങ്കിലും മിക്കയിടത്തും ഫോഴ്സ് കുറവാണെന്ന് നാട്ടുകാർ പറയുന്നു.
വഞ്ചിയൂർ കമ്മട്ടം ലൈൻ,ഋഷിമംഗലം ഭാഗങ്ങളിൽ ഇതുവരെ വെള്ളമെത്തിയില്ലെന്ന് പരാതിയുണ്ട്. വഞ്ചിയൂർ ജംഗ്ഷനിലെ സ്വീവേജ് പൈപ്പ്ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഈ പ്രശ്നമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു.
കുടിവെള്ള പ്രശ്നത്തെ തുടർന്ന് നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകിയിരുന്നു.എന്നിരുന്നാലും ഓഫീസുകളും സ്ഥാപനങ്ങളിലുമുണ്ടായ പ്രതിസന്ധിക്ക് പരിഹാരമുണ്ടായിട്ടില്ല. വലിയ വില കൊടുത്താണ് ഇന്നലെയും സ്വകാര്യ ടാങ്കറുകളിൽ നിന്ന് വെള്ളം വാങ്ങിയതെന്ന് ഹോട്ടലുടമകളും വ്യക്തമാക്കി.
രണ്ട് ദിവസമായി നഗരസഭയുടെയും വാട്ടർ അതോറിട്ടിയുടെയും നേതൃത്വത്തിൽ 50ഓളം ടാങ്കറിലൂടെ നടത്തിയ ജലവിതരണം നഗരത്തിൽ മിക്കയിടത്തും ഇന്നലെയും തുടർന്നു. പാത്രങ്ങളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ടാങ്കർ നോക്കി മണിക്കൂറുകളോളം കാത്തുനില്പുമുണ്ടായിരുന്നു.