manju

തകർപ്പൻ നൃത്തചുവടുമായി സ്റ്റൈൽ മന്നൽ രജനികാന്തിനൊപ്പം മഞ്ജു വാര്യർ. ടി.കെ. ജ്‌ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയൻ സിനിമയിലെ ഗാനത്തിലാണ് രജനികാന്തിന്റെയും മഞ്ജുവാര്യരുടെയും തകർപ്പൻ പ്രകടനം. കറുപ്പണിഞ്ഞ് രജനിയും ചുവപ്പ് സാരിയിൽ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിംഗ് ഗ്ളാസ് ധരിച്ച് കിടു ലുക്കിലാണ് മഞ്ജു. 'മനസിലായോ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്ത് ആദ്യ രണ്ട് മണിക്കൂറിൽ പത്തുലക്ഷത്തിലധികം കാഴ്ചക്കാരാണ് ഗാനം സ്വന്തമാക്കിയത്. അനിരുദ്ധ് രവിചന്ദറുടെ മാന്ത്രിക സംഗീതത്തിലൊരുങ്ങിയ ഗാനം മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ആലാപനം. അനുരുദ്ധും പാട്ടിൽ പങ്കാളിയാണ്. സൂപ്പർ സുബ്ബുവും വിഷ്ണു എടവനും ചേർന്നാണ് രചന. ഫാസ്റ്റ് നമ്പർ ഗാനമായതിനാൽ ശ്രോതാക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ജയിലറിനുശേഷം രജനികാന്തും അനിരുദ്ധും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയൻ.

റിട്ട. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. രജനിയുടെ ഭാര്യ വേഷമാണ് മഞ്ജുവാര്യർക്ക്.

32 വർഷങ്ങൾക്കുശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ്. രജനികാന്തിന്റെ 170-ാം ചിത്രമായ വേട്ടയൻ ലൈക പ്രൊഡക്‌ഷൻസാണ് നിർമ്മാണം.