
ഡൽഹിയിൽ തിങ്കളാഴ്ച നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ സാധാരണക്കാരായ അർബുദ രോഗികൾക്ക് ഗുണം കിട്ടുന്ന തീരുമാനമുണ്ടായതാണ് എടുത്തുപറയാവുന്നത്. മൂന്നിനം ക്യാൻസർ ഔഷധങ്ങളുടെ നികുതി പന്ത്രണ്ടു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായിട്ടാണ് കുറയാൻ പോകുന്നത്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ ഇവയുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കിയിരുന്നു. ചെലവേറിയ ക്യാൻസർ ചികിത്സയിൽ ഔഷധ വില കുറയാനുള്ള സാഹചര്യമുണ്ടാകുന്നത് നല്ല കാര്യം തന്നെ. അതുപോലെ, മറ്റു മാരക രോഗങ്ങൾക്കുള്ള മരുന്നുകളുടെ നികുതിയിലും മാറ്റം വരേണ്ടതാണ്. എന്നാൽ ഔഷധ ഭീമന്മാരായ ബഹുരാഷ്ട്ര കുത്തകകളുടെ കടുംപിടിത്തം കാരണം അനുകൂല തീരുമാനം ഉണ്ടാകുന്നില്ല. ഔഷധ രംഗത്ത് പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരുന്ന തീവെട്ടിക്കൊള്ളയ്ക്ക് കുറയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും വിലനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽക്കൈ അവർക്കു തന്നെയാണ്.
ആരോഗ്യ ലൈഫ് ഇൻഷ്വറൻസ് പോളിസികൾക്കുള്ള ജി.എസ്.ടി കുറയ്ക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്നാണ് അഭിപ്രായമുയർന്നത്. ഇതു പരിശോധിക്കാൻ മന്ത്രിതല സമിതി രൂപീകരിച്ച ശേഷമാണ് യോഗം പിരിഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഗവേഷണ ഫണ്ടുകളെ പൂർണമായും നികുതി വിമുക്തമാക്കാനുള്ള തീരുമാനമാണ് യോഗത്തിലുണ്ടായ മറ്റൊരു പ്രധാന നേട്ടം. നികുതി ഘടനാ പരിഷ്കാരം ഉൾപ്പെടെ ചില സുപ്രധാന വിഷയങ്ങൾ കൗൺസിൽ യോഗത്തിന്റെ പരിഗണനയ്ക്കു വന്നെങ്കിലും വിശദ ചർച്ച ആവശ്യമായതിനാൽ അടുത്ത യോഗത്തിലേക്കു മാറ്റിവയ്ക്കുകയാണുണ്ടായത്. ചിലയിനം ഭക്ഷ്യവസ്തുക്കൾക്കുള്ള ജി.എസ്.ടി 18-ൽ നിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്.
അതുപോലെ കാർ, ടൂവീലറുകൾ തുടങ്ങിയവയുടെ സീറ്റുകൾക്ക് 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി നികുതി ഉയരും. ഇപ്പോൾത്തന്നെ വാഹന വില ഉയർന്നുയർന്നു പോവുന്ന പശ്ചാത്തലത്തിൽ സീറ്റുകൾക്കു മാത്രമായി നികുതി കൂട്ടുന്നതിലെ യുക്തി മനസ്സിലാക്കാൻ വിഷമമാണ്. വാഹനങ്ങൾക്കു മേലുള്ള ജി.എസ്.ടി പുതുക്കി നിശ്ചയിക്കുന്നതിന് പുതിയ മന്ത്രിതല സമിതിയെയും നിയമിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ എന്നിവ കൂടി ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന ജനങ്ങളുടെ ആവശ്യം ജി.എസ്.ടി കൗൺസിലിൽ ചർച്ചയ്ക്കുപോലും വന്നില്ല. ഒരു സംസ്ഥാനത്തിനും അതിനു താത്പര്യമില്ലാത്തതാണ് കാരണം. സംസ്ഥാനങ്ങളുടെ മുഖ്യ വരുമാന മാർഗങ്ങളിലൊന്നാണ് ഇന്ധനങ്ങൾ. അതുപോലെ മദ്യത്തിന്മേലുള്ള ഉയർന്ന നികുതിയിൽ തൊടാനും സംസ്ഥാനങ്ങൾ സമ്മതിക്കില്ല. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിലാക്കിയിരുന്നുവെങ്കിൽ 28 ശതമാനത്തിനപ്പുറം നികുതി നൽകേണ്ടിവരില്ലായിരുന്നു. നികുതിക്കു പുറമെ കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇന്ധനങ്ങളുടെ മേൽ സെസ്സും ഈടാക്കുന്നുണ്ട്.
രാജ്യത്ത് ജി.എസ്.ടി വരുമാനത്തിൽ ഗണ്യമായ വർദ്ധന രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജി.എസ്.ടി ഏർപ്പെടുത്തിയപ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനത്തിന്റെ കുറവ് നികത്താൻ അഞ്ചുവർഷം കേന്ദ്രം നഷ്ടപരിഹാരം അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം അതു നിറുത്തലാക്കി. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടി ഇതുമൂലം സംഭവിച്ചു. നഷ്ടപരിഹാരം നൽകുന്നത് ഏതാനും വർഷം കൂടി ദീർഘിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടതുമില്ല. ഇതിനു പുറമെയാണ് വിഭവ പങ്കുവയ്ക്കലിൽ ധനകാര്യ കമ്മിഷന്റെ പുതുക്കിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച പൊരുത്തക്കേടുകൾ. അഞ്ചു വർഷങ്ങൾക്കു ശേഷവും ജി.എസ്.ടി ഘടനയിൽ മാറ്റങ്ങൾ പലതും വരുത്തേണ്ട സ്ഥിതിയാണുള്ളത്. സ്ളാബുകൾ നിശ്ചയിച്ചതിൽ ന്യൂനതകൾ സംഭവിച്ചിട്ടുണ്ട്. 28 ശതമാനം സ്ളാബിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിലയിനങ്ങളെ താഴെയുള്ള സ്ളാബിലേക്കു മാറ്റണമെന്ന ആവശ്യം ആദ്യം മുതലേയുണ്ട്. ജി.എസ്.ടി കൂടുതൽ ജനസൗഹൃദമാകാനുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്.