തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ കുട്ടികൾക്കൊപ്പം ഓണസദ്യയിൽ പങ്കുചേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ കുട്ടികൾക്കുമുള്ള ഓണസമ്മാനങ്ങളുമായാണ് ഗവർണർ ശ്രീചിത്ര ഹോമിലെത്തിയത്. ഉച്ചയ്ക്ക് 12ഓടെ സ്ഥലത്തെത്തിയ ഗവർണറെയും സംഘത്തെയും സൂപ്രണ്ട് വി. ബിന്ദുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അല്പനേരം കുട്ടികൾക്കൊപ്പം ചെലവഴിച്ച അദ്ദേഹം ശ്രീചിത്ര ഹോമിലെ പ്രവർത്തനങ്ങളും അന്തേവാസികളുടെ താമസസ്ഥലവും സന്ദർശിച്ചു. ശേഷം ഭക്ഷണശാലയിലെത്തി ഓണസദ്യയിൽ പങ്കുചേർന്ന ഗവർണർ കുട്ടികൾക്ക് വിളമ്പിക്കൊടുത്തും അവരോടൊപ്പം ഭക്ഷണം കഴിച്ചുമാണ് മടങ്ങിയത്.