yeshudas

സെപ്തംബർ 30ന് തിരുവനന്തപുരത്ത്

ഗാനഗന്ധർവൻ യേശുദാസ് അഞ്ചുവർഷത്തിനുശേഷം കേരളത്തിൽ . ഒക്ടോബർ ആദ്യം യേശുദാസിന്റെ സംഗീത കച്ചേരിയോടെയാണ് ഇക്കുറി സൂര്യ ഫെസ്റ്റിവൽ ആരംഭിക്കുക. വർഷങ്ങളായി യേശുദാസിന്റെ സംഗീതകച്ചേരിയോടെയാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കം കുറിച്ചിരുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് ഇതിന് മാറ്റം സംഭവിച്ചു. സ്വരലയയുടെ പരിപാടിയിലും യേശുദാസ് പങ്കെടുക്കുന്നുണ്ട്. താൻ കേരളത്തിലേക്ക് ഉടൻ എത്തുമെന്ന് അടുത്തിടെ യേശുദാസ് കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു . യേശുദാസ് കേരളത്തിലേക്ക് വരുന്നത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംഗീതാസ്വാദകർ. യേശുദാസിന്റെ പത്‌നി പ്രഭ യേശുദാസ് അദ്ദേഹത്തിനൊപ്പമുണ്ട്. കാലത്തെ തോൽപ്പിച്ച രാജ്യത്തിന്റെ ഇതിഹാസ ഗായകൻ ചലച്ചിത്ര ഗാനരംഗത്ത് ആറുപതിറ്റാണ്ടു പിന്നിടുന്ന ശ്രുതി സാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്നു. ശ്രീനാരായണ ഗുരു ദേവന്റെ ജാതിഭേദം മതദ്വേഷം എന്ന വരികൾ പാടി 1961 നവംബർ 14ന് തുടങ്ങിയതാണ് ആ സംഗീത യാത്ര. എം.ബി. ശ്രീനിവാസനാണ് ഈ വരികൾക്ക് സംഗീതം പകർന്നത്. ജി. ദേവരാജുവേണ്ടി അറുനൂറ്റി അൻപതിലേറെ ഗാനങ്ങൾ പാടി. രവീന്ദ്രനുവേണ്ടിയും പാടി മുന്നൂറ്റി മുപ്പത്തൊൻപത് ഗാനങ്ങൾ. വയലാറിന്റെ 445 വരികൾക്ക് യേശുദാസ് ശബ്ദമായി.

നിരവധി പുതിയ സംഗീത സംവിധായകരും പുതിയ പാട്ടെഴുത്തുകാരും വന്നിട്ടും ഗന്ധർവനാദത്തിന് മാത്രം പകരക്കാരനില്ല. എട്ടുതവണ ദേശീയ പുരസ്കാരം, 24 തവണ കേരള സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചു. മറ്റു സംസ്ഥാനങ്ങളും നൽകി ആദരം. പന്ത്രണ്ട് സിനിമകളിൽ പാടി അഭിനയിച്ചു. 1975 ൽ പദ്മശ്രീ, 2002 ൽ പദ്മഭൂഷൺ, 2017 ൽ പദ്‌മവിഭൂഷൺ അങ്ങനെ രാജ്യത്തിന്റെ ബഹുമതികളേറെ ഏറ്റുവാങ്ങി.