
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഇന്ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ പി.വി അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളും ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പി അജിത് കുമാറിന്റെ കൂടിക്കാഴ്ച്ചയും ചർച്ചയാവും. തുടർച്ചയായി ഗുരുതര ആരോപണങ്ങളുയർന്നിട്ടും എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാടിനെതിരെ കടുത്ത വിമർശനം മുന്നണി യോഗത്തിലുയർന്നേക്കും. ആർ.എസ്.എസിനെ ന്യായീകരിച്ച് രംഗത്ത് വന്ന സ്പീക്കർ എ.എൻ ഷംസീറിനെ നിലപാടിനെതിരെയും ചോദ്യങ്ങളുയരും.
എ.ഡി.ജി.പിക്കെതിരായ രാഷ്ട്രീയ വിവാദമടക്കം . ഒരു മാസത്തിനകം പൂർത്തിയാവുന്ന അന്വേഷണത്തിൽ ഉൾപ്പെടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ആർ.എസ്.എസ് നേതാവ് റാം മാധവിനെ എ.ഡി.ജി.പി കണ്ടപ്പോൾ മുഖ്യമന്ത്രിയുടെ ഉറ്റ ബന്ധുവും ഒപ്പമുണ്ടായിരുന്നുവെന്ന ആരോപണം അതീവ ഗൗരവമാണ്. മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ മത്സരിച്ച തൃശ്ശൂർ ലോക്സഭാ സീറ്റിൽ പൂരം കലക്കി ബി.ജെ.പിക്ക് വിജയവഴിയൊരുക്കാൻ എ.ഡി.ജി.പി കൂട്ടുനിന്നുവെന്ന ആരോപണത്തിലെ നെല്ലും പതിരും വ്യക്തമാക്കേണ്ട ചുമതലയും മുഖ്യമന്ത്രിക്കുണ്ട്. ഭരണകക്ഷി എം.എൽ.എയ്ക്ക് പുറമേ പ്രതിപക്ഷനേതാവ് കൂടി വിഷയത്തിൽ ആരോപണവുമായി എത്തിയത് മുന്നണിക്കും സർക്കാരിനും ദോഷമുണ്ടാക്കിയെന്നാണ് കഴിഞ്ഞ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തിയത്.