തിരുവനന്തപുരം: തലസ്ഥാനവാസികളെ അഞ്ചുദിവസം വലച്ച കുടിവെള്ള പ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ലെന്ന് പരാതി. വിതരണം പുനഃസ്ഥാപിച്ചിട്ടും ചില സ്ഥലങ്ങളിൽ കുടിവെള്ളം കിട്ടിയിട്ടില്ലെന്നാണ് ആക്ഷേപം.തിരുമല,പൂജപ്പുര,വെള്ളായണി,വലിയശാല എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് ആറ് ദിവസം കഴിഞ്ഞിട്ടും വെള്ളമെത്താത്തത്.

എന്നാൽ, കുടിവെള്ള വിതരണം പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും എയർബ്ലോക്കും ചോർച്ചയും മൂലമാണ് ചില ഭാഗങ്ങളിൽ തടസമുണ്ടായതെന്നും വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.മേലാറന്നൂർ,വട്ടിയൂർക്കാവ്,നേമം,പി.ടി.പി നഗർ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി വരെ വെള്ളമെത്തിയില്ലെങ്കിലും ഇന്നലെ ഉച്ചയോടെ പ്രശ്നം പരിഹരിച്ചു.

വഞ്ചിയൂർ ഭാഗത്തെ കമ്മട്ടം ലെയിൻ,​ഋഷിമംഗലം തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലും വെള്ളം കിട്ടിത്തുടങ്ങി.എന്നാൽ, തിരുമല,പൂജപ്പുരയിലെ പൈ റോഡ്,വെള്ളായണിയിലെ ശാന്തിവിള എന്നിവിടങ്ങളിലെ ഉയർന്ന ഭാഗങ്ങളിലാണ് വെള്ളം പൂർണതോതിൽ ലഭിക്കാത്തത്.വായു കയറി ബ്ലോക്കായതാണ് മിക്കയിടത്തും പ്രശ്നമായത്.രാത്രിയോടെ പ്രശ്നം പരിഹരിക്കും.

വലിയശാലയിൽ ചോർച്ച കണ്ടെത്തിയ ഭാഗത്തെ പണി തുടരുകയാണെന്നും രാത്രിയിൽ പണി പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെ മുതൽ എല്ലായിടത്തും സാധാരണ നിലയിൽ വെള്ളമെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം,​ കുടിവെള്ളം കിട്ടുന്നില്ലെന്ന് കൺട്രോൾ റൂം വഴി പരാതിപ്പെടുന്നവർക്ക് ടാങ്കറിൽ വെള്ളമെത്തിക്കുന്നത് തുടരുകയാണെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

കരമന സി.ഐ.ടി റോഡിലെയും ശാസ്ത്രി നഗറിലെയും റെയിൽവേ പാതയ്ക്കടിയിലൂടെയുള്ള പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റത്തിനുള്ള പണി ഞായറാഴ്ച രാത്രിയോടെ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയിലും നഗരത്തിലെ പലയിടത്തും വെള്ളമെത്തിയില്ലെന്ന് വ്യാപകമായി ആക്ഷേപമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാട്ടർ അതോറിട്ടി സൗത്ത് പി.എച്ച് ഡിവിഷനിലെ ഉദ്യോഗസ്ഥർ തീവ്രശ്രമം നടത്തിയാണ് പലയിടത്തെയും പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്.