തിരുവനന്തപുരം: ഓണാഘോഷത്തിനിടെ വയനാട് ദുരന്തത്തിൽപ്പെട്ടവരെ മറക്കരുതെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പ്രകൃതി ദുരന്തങ്ങളിൽപ്പെടുന്നവർക്ക് പ്രത്യേക കരുതലാണ് സംസ്ഥാന സർക്കാർ ക്രമീകരിച്ചിട്ടുള്ളതെന്നും അതിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്ക്ലബ് വിദ്യാർത്ഥികൾ കാണിച്ച താത്പര്യത്തെ സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. പ്രസ് ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിന്റെ ഓണാഘോഷ പരിപാടിയായ 'പകൽനിലാവ്" ഉദ്ഘാടനം ചെയ്യുകയായിരുന്നു ശാരദ മുരളീധരൻ. വിദ്യാർത്ഥികൾ ശേഖരിച്ച 15,000 രൂപയുടെ ഡിഡി ഐ.ജെ.ടി ഡയറക്ടർ ഡോ. ഇന്ദ്രബാബു ചീഫ് സെക്രട്ടറിക്ക് കൈമാറി. പ്രസ് ക്ളബ് ടി.എൻ.ജി ഹാളിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രാൺ ഫെർട്ടിലിറ്റി ആൻഡ് വെൽ വുമൺസെന്റർ എം.ഡി ഡോ.ആർ.അനുപമ, അമ്പലത്തറ ചന്ദ്രബാബു, ബി.സുരേന്ദ്ര ദാസ് എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സമ്മാനദാനച്ചടങ്ങ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ഉദ്ഘാടനംചെയ്തു. ട്രഷറർ വി.വിനീഷ്, പ്രോഗ്രാം കൺവീനർ വി.ബി.വിസ്മയ്, കാഞ്ചന, സ്നേഹ എസ്.നായർ, പാർവതി, ജോയി തമലം തുടങ്ങിയവർ പങ്കെടുത്തു.