തിരുവനന്തപുരം: ഉച്ചയോടെ മെഡിക്കൽ കോളേജ് മുറ്റത്ത് ആംബുലൻസുകൾ നിരന്നു. ബ്ളഡ് ബാങ്കിന് എതിർവശത്തെ കെട്ടിടത്തിൽനിന്ന് ഉറ്റവർക്ക് വേണ്ടാതായ 11 മനുഷ്യരുമായി ഏഴ് സ്ട്രക്ച്ചറുകളും നാല് വീൽച്ചെയറുകളും പുറത്തേക്ക് വന്നു. തണലിടത്തിലേക്ക് പുറപ്പെടാനൊരുങ്ങവേ ചിലരുടെ കണ്ണുകൾ നിറഞ്ഞു. മന്ത്രി ആർ.ബിന്ദുവിന്റെ അഭ്യർത്ഥനപ്രകാരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നുൾപ്പെടെ 18 പേരെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. 25 പേർക്ക് ഇടമൊരുക്കിയെങ്കിലും ബാക്കിയുള്ളവർ പോകാനൊരുക്കമായിരുന്നില്ല. മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റെടുത്തവരിൽ രണ്ട് എച്ച്.ഐ.വി ബാധിതരുമുണ്ട്. ചികിത്സകഴിഞ്ഞ് പോകാനിടമില്ലാതെ മെഡിക്കൽ കോളേജ് പരിസരത്തലഞ്ഞ ഒറീസ സ്വദേശിയും, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ആറുപേരും ഇക്കൂട്ടത്തിലുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സുനിൽകുമാർ, എം.സി.എച്ച് ചീഫ് സെക്യൂരിറ്റി ഓഫീസർ നാസറുദ്ദീൻ, പ്രോഗ്രാം കോ-ഓർഡിനേറ്ററും സീനിയർ നഴ്സുമായ ഷാനിഫ, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് റീന, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം സെക്രട്ടറി എം.കെ.സിനുകുമാർ, ഡെൽസ സെക്രട്ടറിയും സബ് ജഡ്ജുമായ കെ.എസ്.ഷംനാദ്, ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ ബി.ശശികുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി.മോഹനൻ, പേഴ്സണൽ ചീഫ് മാനേജർ കെ.സാബു, ഹെൽത്ത് സൂപ്പർവൈസർ സനൽകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഏറ്റെടുക്കൽ.