പരുത്തിപ്പള്ളി : പരുത്തിപ്പള്ളി വഴി സർവീസ് നടത്തിയിരുന്ന ബസുകൾ പുനരാരംഭിച്ച് പ്രദേശത്തെ യാത്രാക്ളേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരുത്തിപ്പള്ളി കർഷക സഹൃദയ ഗ്രന്ഥശാല ഭാരവാഹികൾ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. പരുത്തിപ്പള്ളിയിൽ നിന്നും രാവിലെ 4.20ന് ആരംഭിച്ച് രാത്രി 9.45ന് അവസാനിക്കുന്ന പരുത്തിപ്പള്ളി സർവീസ് നിറുത്തിയിട്ട് വർഷങ്ങളേറെയായി. ഈ സർവീസിലെ ജീവനക്കാർക്ക് താമസിക്കുന്നതിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും ഗ്രന്ഥശാല സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നു. കൊവിഡു കാലത്താണ് സർവീസ് നിറുത്തിയത്. ശേഷം രാവിലെ 7.30ന് വന്ന് 7.45ന് കാട്ടാക്കട പോകുന്ന ഒരു ട്രിപ്പായി ചുരുക്കി. ആര്യനാട് ഡിപ്പോയിൽ നിന്നും വെള്ളറടയ്ക്ക് പോയി തിരികെ ആര്യനാട് - നെടുമങ്ങാട്ടേക്ക് സർവീസ് നടത്തിയിരുന്നതും നിറുത്തിയിരുന്നു. വെള്ളനാട് ഡിപ്പോയിൽ നിന്നുള്ള സർവീസും നിറുത്തലാക്കി. നിലവിൽ വെള്ളനാട്, ആര്യനാട്, കാട്ടാക്കട ട്രാൻ. ഡിപ്പോകളിൽ നിന്നും സർവീസുകളില്ലാത്ത അവസ്ഥയാണ്. മലയോര കർഷകരും വിദ്യാർത്ഥികളും യാത്രചെയ്യാൻ വളരെ ബുദ്ധിമുട്ടുകയാണ്. ബസുകൾ പുനരാരംഭിച്ച് പ്രദേശത്തെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.