തിരുവനന്തപുരം: ഓണട്രാക്കിൽ ഓട്ടം തുടങ്ങി നഗരം.തിരക്ക് കൂടിയതോടെ റോഡിലിറങ്ങിയാൽ പ്രതീക്ഷിച്ച നേരത്ത് എങ്ങുമെത്താനാവില്ല. തിരുവോണത്തിന് നാലുനാൾ ബാക്കിനിൽക്കെ വ്യാപാരസ്ഥാപനങ്ങളെല്ലാം കച്ചവടത്തിരക്കിലാണ്. ആഘോഷത്തിന് മാറ്റ് കുറഞ്ഞെങ്കിലും കച്ചവടത്തിൽ നെഞ്ചുവിരിച്ച് നിൽപ്പാണ് വസ്ത്രവിപണി. ഇലക്ട്രോണിക് സാധനങ്ങളുടെ ഓഫർ വീട്ടിലിരിക്കുന്നവരെയെല്ലാം നിരത്തിലിറക്കിയിട്ടുണ്ട്.

കോടിയെടുക്കാതെന്ത് ഓണം. നഗരത്തിലെ വസ്ത്രവ്യാപാരശാലകളിലെല്ലാം വൻ തിരക്കാണ്. കൈത്തറി - കസവ് വസ്ത്ര വില്പന ഉഷാറോടുഷാർ! കേരളസൗരിയും മുണ്ടും നേരിയതും കസവ് മുണ്ടുമൊക്കെ പരമ്പരാഗത പ്രൗഢിയോടെ നിൽക്കുമ്പോഴും അതിലുമുണ്ട് ട്രെൻഡിന്റെ കൈയേറ്റം.

പൂക്കളും ഇലകളും കഥകളി മുഖവുമൊക്കെ പ്രിന്റുകളായെത്തുന്ന കേരള സാരിക്ക് പ്രായഭേദമില്ലാതെ ആരാധകരേറെ. മ്യൂറൽ പെയിന്റിംഗ് സാരികൾക്കും ആവശ്യക്കാരുണ്ട്.

ഓണാഘോഷങ്ങളിലേക്ക് സെറ്റുമുണ്ടുകൾക്കും സെറ്റുസാരികൾക്കുമൊപ്പം കസവു ചുരിദാറുകളും വിറ്റുപോകുന്നുണ്ട്. മോഡേൺ വസ്ത്രങ്ങൾക്ക് വില്പന കുറവാണെന്ന് കരുതേണ്ട. അതിനും ആവശ്യക്കാരേറെയാണ്.

പൂക്കളം ചുരുങ്ങി

പൂവിപണിയും

പൂക്കച്ചവടകാരുടെ മുഖം മ്ലാനമാക്കിയ ഓണമാണ് ഇത്തവണത്തേത്. അത്തം മുതൽ റോക്കറ്റ് വേഗത്തിൽ കുതിച്ചിരുന്ന പൂവില നനഞ്ഞു നിൽപ്പാണ്. പത്തുദിവസത്തെ ഓണക്കച്ചവടത്തിൽ നല്ല ലാഭം കൊയ്തിരുന്ന വ്യാപാരികൾ ഇത്തവണ ചില്ലറ കച്ചവടമെങ്കിലും നടക്കണേയെന്ന പ്രാർത്ഥനയിലാണ്.

മുല്ല – 80,പിച്ചി – 50,മഞ്ഞ ബന്തി– 60,ഓറഞ്ച് ബന്തി – 70,വാടാമല്ലി –100 – 150,അരളി (പിങ്ക് ) - 200,വൈറ്റ് - 350 ചാലയിലെ ഇന്നലത്തെ വിലനിലവാരമാണിത്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷത്തിന്റെ പകിട്ട് കുറഞ്ഞതാണ് പൂ വിപണിക്ക് വെല്ലുവിളിയായത്.

മുൻ വ‍ർഷങ്ങളിൽ ഓണത്തിന് ഒരു കിലോയിൽ താഴെ പൂവ് നൽകില്ലെന്ന് പറഞ്ഞിരുന്ന വ്യാപാരികളിപ്പോൾ ചില്ലറ വില്പനയിലൂടെ ആളെക്കൂട്ടാനുള്ള ശ്രമത്തിലാണ്.