തിരുവനന്തപുരം: പാപ്പനംകോട് ജംഗ്ഷനിലെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലെ ജീവനക്കാരി വൈഷ്ണയെ (34) തീകൊളുത്തിയശേഷം ആത്മഹത്യ ചെയ്തത് രണ്ടാം ഭർത്താവ് ബിനുവാണെന്ന് (46) ഡി.എൻ.എ ടെസ്റ്റിൽ തെളിഞ്ഞു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

നരുവാമൂട് ചെമ്മണ്ണിക്കുഴി കിഴക്കുംകര വീട്ടിൽ നെയ്ത്തു തൊഴിലാളിയായ കേശവപ്പണിക്കരുടെയും സരോജത്തിന്റെയും മകനാണ് ബിനു. മൃതദേഹം തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ സ്റ്രേറ്ര് ഫോറൻസിക് ലാബിൽ ഡി.എൻ.എ പരിശോധനയ്ക്ക് അമ്മയുടെ രക്തസാമ്പിൽ നൽകിയിരുന്നു. തുടർന്നാണ് മരിച്ചത് ബിനു തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഉച്ചയ്ക്ക് 12ഓടെ വീട്ടിലെത്തിച്ച മൃതദേഹം ചടങ്ങുകൾക്കു ശേഷം വൈകിട്ട് 3ഓടെ മാറനല്ലൂർ ശ്മശാനത്തിൽ സംസ്കരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.വൈഷ്‌ണയും ബിനുവും രഹസ്യമായി വിവാഹിതരായവരാണ്. ഇവർ തമ്മിലെ അസ്വാരസ്യത്തെ തുടർന്ന് വൈഷ്‌ണ ബിനുവിനെ ഒഴിവാക്കാൻ നിയമനടപടികൾ ആരംഭിച്ചതിലെ വിരോധമാണ് കൃത്യത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വൈഷ്‌ണയുടെ മൃതദേഹവും തിരിച്ചറിയാനാകാത്തവിധം കത്തിപ്പോയെങ്കിലും ധരിച്ചിരുന്ന ആഭരണങ്ങൾ സഹോദരൻ തിരിച്ചറിഞ്ഞതോടെയാണ് ഉറപ്പിച്ചത്.