തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ തമ്പാനൂർ കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്സിൽ ഒരുക്കിയ സഖി ഡോർമെറ്ററി മന്ത്രി സജി ചെറിയാൻ ഇന്ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. 24 മണിക്കൂർ ചെക്കൗട്ട് വ്യവസ്ഥയിൽ സഖിയിൽ 500 രൂപയും ജി.എസ്.ടിയും നൽകിയാൽ താമസസൗകര്യം ലഭിക്കും. 12 ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രീ വൈഫൈ, ലാൻഡ് ഫോൺ ഫെസിലിറ്റി, അറ്റാച്ച്ഡ് വാഷ്റൂമുകൾ, ബെഡ്ഷീറ്റ്, ടൗവൽ, സോപ്പ്, കുടിവെള്ളം, കോമൺ ഡ്രെസിംഗ് റൂം, നാപ്കിൻ വെൻഡിംഗ് മെഷീൻ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ടൂവീലർ, ഫോർവീലർ പാർക്കിംഗ് സൗകര്യം, സെക്യൂരിറ്റി, ലോക്കർ ഫെസിലിറ്റി എന്നിവയും സഖിയുടെ മറ്റ് സവിശേഷതകളാണ്. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ സേഫ് സ്റ്റേ മൊബൈൽ ആപ്പ് വഴി ഡോർമെറ്ററി ബുക്ക് ചെയ്യാം. ആന്റണി രാജു എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് ആദ്യ ഓൺലൈൻ ബുക്കിംഗ് നടത്തും. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, എം.ഡി ആഷിക് ഷെയ്ഖ് തുടങ്ങിയവർ പങ്കെടുക്കും.