വിതുര: പ്രതികൂല കാലാവസ്ഥയിലും ഓണവിപണി ലക്ഷ്യമിട്ട് മലയോരമേഖലയിൽ നടത്തിയ പച്ചക്കറി കൃഷികൾ വിജയകരം. കൃഷിഭവനുകളുടെയും പഞ്ചായത്തിന്റെയും മേൽനോട്ടത്തിൽ കുടുംബശ്രീ യൂണിറ്റുകളും തൊഴിലുറപ്പ് തൊഴിലാളികളും പുരുഷ സ്വാശ്രയസംഘങ്ങളും കർഷകസംഘടനകളും ഓണവിപണി ലക്ഷ്യമാക്കി വൻതോതിൽ കൃഷിയിറക്കിയിരുന്നു. കൃഷിക്ക് സർക്കാർ പ്രത്യേക സഹായങ്ങളും നൽകിയിരുന്നു. ഇടതടവില്ലാത്തമഴയും വന്യമൃഗശല്യങ്ങളും തരണംചെയ്താണ് കർഷകരുടെ ഈ നേട്ടം. വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ കാട്ടാനയും കാട്ടുപോത്തും പന്നിയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നുണ്ട്. ഓണകൃഷിവരെ നശിപ്പിച്ചിട്ടും കൃഷിയിൽ മികച്ചവിജയമാണ് ഇവിടുത്തെ കർഷകർ നേടിയത്.

തരിശ്ഭൂമിയിൽ പൊന്നുംവിള

പഞ്ചായത്തിലെ 17 വാ‌ർഡുകളിലുമായി മുന്നൂറോളം ഏക്കർ തരിശുഭൂമിയിൽ നടത്തിയ കൃഷിയിൽ മികച്ച വിളവാണ് നേടിയത്. വാഴ, മരച്ചീനി, പച്ചക്കറി കൃഷികളാണ് ഇതിൽ പ്രധാനം. പ്രതികൂല കാലാവസ്ഥയിൽ കൃഷിനഷ്ടമെന്ന പേരിൽ ആദ്യം മിക്കവരും പുറം തിരിഞ്ഞെങ്കിലും പഞ്ചായത്തും കൃഷിഭവനും ഉണർന്നു പ്രവർത്തിച്ചതോടെ കർഷകർ രംഗത്തിറങ്ങി. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, കൃഷി ഓഫീസർ എം.എസ്.അനാമിക എന്നിവർ തരിശുഭൂമിയിലെ കൃഷിക്ക് നേതൃത്വം നൽകി. കൃഷി ഒാഫീസർ കെ.എസ്.ശരണ്യയും പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.

നാടൻ പച്ചക്കറി സുലഭം

കൃഷിഭവനുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കൃഷി സജീവമാക്കിയതോടെ നാടൻ പച്ചക്കറികൾ വിപണിയിൽ സുലഭമായി. മിക്ക മാർക്കറ്റുകളിലും നാടൻ പച്ചക്കറികൾ യഥേഷ്ടം ലഭ്യമാണ്. കൃഷി ഭവനുകളുടെ നേതൃത്വത്തിൽ നടക്കുന്ന കാർഷിക ചന്തകളിലും നാടൻ പച്ചക്കറികൾക്ക് ഡിമാന്റ് ഏറെയാണ്.

പൂവനിപൂകൃഷി വിജയകരം

സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പൂവനി പൂകൃഷി വൻവിജയം. തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമ്മസേനാംഗങ്ങളും കുടുംബശ്രീയൂണിറ്റുകളും പദ്ധതി ഏറ്റെടുത്തു. തൊളിക്കോട് വിതുര പഞ്ചായത്തുകളിലായി നൂറിൽപ്പരം ഏക്കറിലാണ് പൂകൃഷി നടത്തിയത്. ജമന്തിപൂവാണ് പ്രധാനി. അതേസമയം ജമന്തിപൂവിന്റെ വില ഇടിഞ്ഞത് പൂകൃഷിനടത്തിയവർക്ക് തിരിച്ചടിയായി. കിലോയ്ക്ക് 100 രൂപവരെ ലഭിച്ചിടത്ത് ഇപ്പോൾ 50 രൂപയാണ് വില.