maranalloor

രോഗികൾ വലയുന്നു

മലയിൻകീഴ്: മാറനല്ലൂർ ഗവ.ആശുപത്രിയിൽ ജീവനക്കാരുടെ അപര്യാപ്തയും മരുന്നില്ലായ്മയും കാരണം ചികിത്സ തേടിയെത്തുന്നവർ ബുദ്ധിമുട്ടുന്നു. നിലവിൽ മൂന്ന് ഡോക്ടർമാർ രേഖകളിൽ

ഉണ്ടെങ്കിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഒരാളും ഉച്ചക്ക് ശേഷം ഒരാളും മാത്രമേ ഉണ്ടാകാറുള്ളൂ. തിരക്കുള്ളപ്പോഴെല്ലാം ഒരു ഡോക്ടറാവും ഉണ്ടാവുക. രാവിലെ 9 മുതൽ വൈകിട്ടു 5 വരെയാണ് ഒ.പി സമയം. രണ്ട് നഴ്സുമാരുണ്ടെങ്കിലും ഒരാൾ ലീവിൽ പോകുമ്പോൾ രോഗികൾ പെട്ടതുതന്നെ.

ജീവിതശൈലി രോഗ നിർണയത്തിന് വരുന്നവർ ഒരു നഴ്സ് മാത്രമാകുമ്പോൾ മണിക്കൂറുകളോളം രോഗികൾ കാത്തിരിക്കേണ്ടിവരും. നിത്യേന 450 മുതൽ 550 വരെ രോഗികളാണ് ഇവിടെ നിത്യേന ചികിത്സ തേടിയെത്തുന്നത്. ഒരു രൂപയായിരുന്ന ഒ.പി ടിക്കറ്റിന് 5 രൂപയാക്കിയതും സാധുക്കളായ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരും മരുന്നും ഇല്ലാത്തതിനാൽ കഷ്ടപ്പെടുന്നത് രോഗികളാണ്. എന്നാൽ ജീവനക്കാരെ നിയമിക്കാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ഒഴിവ് നികത്താതെ

എട്ട് മാസമായിട്ടും ഒരു താത്കാലിക നഴ്സിന്റെ ഒഴിവ് നികത്തിയിട്ടില്ല. ഗ്രേഡ് 2 അറ്റന്ററുടെ ഒഴിവിലേക്കും ഇതുവരെ നിയമനമായിട്ടില്ല. എല്ലാ സാമ്പത്തിക വർഷവും മരുന്നുകൾ വാങ്ങുന്നതിന് മാറനല്ലൂർ ഗ്രാമപഞ്ചായത്ത് തുക അനുവദിക്കാറുണ്ട്. മരുന്ന് ഉണ്ടെങ്കിലും ചികിത്സിക്കാനും മരുന്ന് നൽകാനും ശുശ്രൂഷയ്ക്കും ആളില്ല. ആശാവർക്കർമാരാണ് ഇതെല്ലാം ചെയ്യാറുള്ളതത്രേ.

ജീവനക്കാരില്ലാതെ

പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ കുടുംബ ആരോഗ്യ കേന്ദ്രത്തിന് കീഴിൽ കണ്ടല, കരിങ്ങൽ,വണ്ടനൂർ,ഊരൂട്ടമ്പലം,പുന്നാവൂർ എന്നീ അഞ്ച് സബ് സെന്ററുകളുണ്ട്. എന്നാൽ ഇവിടെയും ആവശ്യത്തിന് ജീവനക്കാരില്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. വേണ്ടുന്ന സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്തിനാകുന്നില്ല. മുറിവ് കെട്ടുന്നതും ഒ.പി ടിക്കറ്റ് എഴുതുന്നതും പ്യൂൺ പണി ചെയ്യുന്നതും താത്കാലിക ജീവനക്കാരാണ്.