കല്ലമ്പലം: മാവേലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഓരോ ദിവസവും അത്തപൂക്കളം മോടി കൂട്ടുന്നതിനായി പൂക്കൾ ശേഖരിക്കുന തിരക്കിലാണ് കൊച്ചു കുട്ടികൾ. മുതിർന്നവരാകട്ടെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ വീടുകളിലെത്തിക്കാനുള്ള നെട്ടോട്ടത്തിലും. ഓണലഹരിയിലാണ് വ്യാപാരികൾ. വസ്ത്ര വ്യാപാര ശാലകളിലും ഓണത്തിരക്ക് നേരത്തെ തുടങ്ങിക്കഴിഞ്ഞു. നിരവധി ഓഫറുകളും കടകളിൽ ഒരുക്കിയിട്ടുണ്ട്. ഓണക്കാലത്തെ വ്യത്യസ്തമാക്കാൻ നവമാദ്ധ്യമങ്ങളും സോഷ്യൽ മീഡിയകളും മുന്നിൽ തന്നെയുണ്ട്. ദേശീയപാത വികസനം മൂലം വ്യാപാര മേഖല ആകെ തകർന്ന കല്ലമ്പലത്ത് വ്യാപാരികളുടെ സമ്മാന പെരുമഴ കൂടിയായതോടെ കച്ചവടം പൊടിപൊടിക്കുകയാണ്. കല്ലമ്പലം മേഖലകളിൽ ഓണക്കളികൾക്കും തുടക്കമായി. കരടികളി, വടംവലി, കസേരകളി, മുളയിൽകയറ്റം, ഉറിയടി, തിരുവാതിരക്കളി തുടങ്ങി വിവിധയിനം കളികൾ സംഘടിപ്പിച്ചിട്ടുണ്ട്.

പൂക്കളുണ്ട്

ഇക്കുറി പഞ്ചായത്ത്‌ തലത്തിൽ പൂക്കൃഷി വ്യാപകമായതിനാൽ മുൻവർഷങ്ങളെപോലെ പൂക്കൾക്ക് ക്ഷാമമില്ല. തമിഴ്നാട്ടിൽ നിന്നുള്ള ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അത്തം മുതൽ ഉത്രാടം വരെയാണ് പൂക്കളം ഇടുന്നത്. അത്തത്തിന് തുമ്പ കൊണ്ടാണ് കളമിടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾകൊണ്ട് വളയം തീർക്കും. ഓണം അടുക്കുന്നതോടെ പൂക്കളത്തിന് വലിപ്പവും ഭംഗിയും ഏറും.

ചിട്ടവട്ടവും പൂജകളും

ഉത്രാടത്തിന് ഒരുക്കുന്ന വലിയ പൂക്കളത്തിനു മുകളിൽ തിടമ്പും താഴെ നെറ്റിപ്പട്ടവും മറ്റും വരച്ച് കുടചൂടും. പൂക്കളത്തിന്റെ ഇടതു വശത്ത് തൃക്കാക്കരയപ്പന്റെ സങ്കൽപ്പത്തിൽ ചെറിയൊരു പൂക്കളവും ഇടും. തിരുവോണ പുലർച്ചെ ചിട്ടവട്ടങ്ങളോടെ പൂമാറ്റം. അന്ന് തൃക്കാക്കരയപ്പന്റെ മൺപ്രതിമയുണ്ടാക്കി അരിമാവ് കൊണ്ട് അഭിഷേകവും കാരണവന്മാർ പറഞ്ഞുകൊടുക്കുന്ന പൂജകളും നടത്തും. പൂവട നിവേദ്യവുമുണ്ട്. പൂമാറ്റിയ ശേഷം കുട്ടികൾ ആർത്തുല്ലസിച്ച് ഓണം വിളിക്കും.