ഇന്റർകണക്ഷൻ ജോലികൾ ഇനി ഓണത്തിനുശേഷം

തിരുവനന്തപുരം: തലസ്ഥാനത്തെ വലച്ച കുടിവെള്ളക്ഷാമം എട്ടാംദിനവും പൂർണമായി പരിഹരിച്ചില്ലെന്ന് പരാതി. എയർബ്ലോക്കും ചോർച്ചയും മൂലമാണ് സൗത്ത് ഡിവിഷനിലെ ചില പ്രദേശങ്ങളിൽ ഇനിയും വെള്ളമെത്താത്തത്. പുനഃസ്ഥാപിച്ചപ്പോൾ താഴ്ന്ന പ്രദേശങ്ങളിലെ ഉപഭോഗം വർദ്ധിച്ചതിനാലാണ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ വൈകുന്നതെന്ന് ജലഅതോറിട്ടി അധികൃതർ പറയുന്നു.

പൂജപ്പുര പൈ റോഡ്,വെള്ളായണി ശാന്തിവിള,മേലാറണ്ണൂർ എന്നിവിടങ്ങളിൽ വർഷങ്ങളായി കുടിവെള്ളപ്രശ്നം നേരിടുന്നുണ്ട്. രാത്രിയിൽ മാത്രമാണ് ഇവിടെ വെള്ളം വരാറുള്ളത്.സൗത്ത് ഡിവിഷനിലെ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്. വലിയശാലയിലെ പൈപ്പ്‌‌ലൈൻ ചോർച്ച ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പരിഹരിച്ചു. മേലാറന്നൂരിലെ എൻ.ജി.ഒ ക്വാർട്ടേഴ്സ് പരിസരത്ത് വെള്ളം വന്നുതുടങ്ങി.തിരുമല പുന്നയ്ക്കാമുകൾ,പാറക്കോവിൽ,കുരിവിക്കാട്,കളിയിക്കൽ ലെയിൻ എന്നിവിടങ്ങളിൽ പൈപ്പ്‌ലൈനിലെ എയർബ്ലോക്ക് ഇതുവരെ പരിഹരിച്ചിട്ടില്ല.

രണ്ട് സംഘങ്ങളായി ഇന്നലെ വൈകിട്ടോടെ പരിഹരിക്കാനായിരുന്നു ലക്ഷ്യം.അറപ്പുര,ആറാമട,മേലത്തുമേലെ തുടങ്ങിയ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രിയോടെ വെള്ളമെത്തിച്ചു. എന്നാൽ മുകൾ നിലയിലേക്ക് വെള്ളം എത്തുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

ഇന്ന് ഉന്നതതലയോഗം

കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്താൻ മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് ഉച്ചയ്ക്ക് 12ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ജോയിന്റ് എം.ഡി,ടെക്നിക്കൽ മെമ്പർ,ചീഫ് എൻജിനിയർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ വീഴ്ച ആവർത്തിക്കാതിരിക്കാനുള്ള പൊതുമാനദണ്ഡം തയാറാക്കുന്നതിനുള്ള പ്രാഥമിക അവലോകനം നടത്തും. അടിയന്തര സാഹചര്യങ്ങളിൽ കഴിഞ്ഞാഴ്ചയുണ്ടായതു പോലുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ചർച്ചചെയ്യും. അതിനായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറുകളും(എസ്.ഒ.പി) തയാറാക്കും. ഉദ്യോഗസ്ഥരുടെ വീഴ്ചകൾ വിശദമാക്കുന്ന റിപ്പോർട്ട് നൽകാൻ ടെക്നിക്കൽ മെമ്പർ സേതുകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. വാൽവുകൾ എവിടെയൊക്കെയാണെന്ന് അറിയാത്തതായിരുന്നു കുടിവെള്ളപ്രശ്നം രൂക്ഷമായതിന്റെ പ്രധാന കാരണം. ഇടയ്ക്കിടയ്ക്ക് വാൽവുകൾ പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണമെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉന്നതതലയോഗത്തിൽ ഉയരുമെന്നാണ് സൂചന. ഭാവിയിൽ കുടിവെള്ളം മുടക്കിയുള്ള ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിന് പ്രോട്ടോക്കോൾ രൂപീകരിക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ന് വെള്ളം മുടങ്ങില്ല

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബാക്കിയുള്ള ഇന്റർകണക്ഷൻ ജോലികൾ ഇനി ഓണം കഴിഞ്ഞേ പുനഃരാരംഭിക്കു. ഇന്ന് ഉന്നതതലയോഗം ചേരുന്ന സാഹചര്യത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശപ്രകാരമാണ് പണികൾ മാറ്റിവച്ചത്. ആൽത്തറ മേട്ടുക്കട റോഡിലെ പുതിയ ലൈനുകൾ ചാർജ് ചെയ്യുന്നതിനാലും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതിനാലും ഇന്ന് രാവിലെ രണ്ട് മണിക്കൂർ വഴുതക്കാട്,ഉദാരശിരോമണി,പലോട്ടുകോണം തുടങ്ങിയ സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടുമെന്ന് അറിയിപ്പുണ്ടായിരുന്നു.ഇന്റർകണക്ഷൻ ജോലികൾ മാറ്റിയതിനാൽ ഇന്ന് ജലവിതരണം മുടങ്ങില്ല.വഴുതക്കാട് സിഗ്നൽ ജംഗ്ഷനിലും മാനവീയം വീഥിയിലുമായി മൂന്ന് ഇന്റർകണക്ഷനുകളാണ് ഇനി ബാക്കിയുള്ളത്.വെള്ളയമ്പലത്തെ ഇന്റർകണക്ഷൻ കഴിഞ്ഞദിവസം പൂർത്തിയാക്കിയിരുന്നു.