
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ 'മെഡിസെപ്" ആർക്കും വേണ്ടാത്ത ഒരു പദ്ധതിയായി അകാല ചരമമടയുമോ എന്ന സന്ദേഹം പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഇപ്പോഴത്തെ മെഡിസെപ് പദ്ധതിയുടെ കാലാവധി വരുന്ന ജൂണിൽ അവസാനിക്കാനിരിക്കെ ധനമന്ത്രി ബാലഗോപാൽ കഴിഞ്ഞ ദിവസം ജീവനക്കാരുടെ സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്തിരുന്നു. ഏറെ പരാതികൾ ഉയർന്നെങ്കിലും പദ്ധതി ഉപേക്ഷിക്കുന്നതിനോട് അധികമാർക്കും യോജിപ്പില്ലായിരുന്നു. ഭൂരിപക്ഷം സർവീസ് സംഘടനകളും പദ്ധതി തുടരണമെന്നു തന്നെയാണ് ആവശ്യപ്പെട്ടത്. സ്വീകാര്യമായ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി പദ്ധതി കാലോചിതമായി പരിഷ്കരിക്കണമെന്ന അഭിപ്രായമാണ് പൊതുവേ ഉയർന്നത്. പദ്ധതി എന്തായാലും ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയ സ്ഥിതിക്ക് പരിഷ്കരണം മാത്രമാണ് ഉചിതമാർഗം. ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ പദ്ധതി ആവശ്യമായ മാറ്റങ്ങളോടെ നടപ്പാക്കാനുള്ള നടപടികൾ ഇപ്പോഴേ തുടങ്ങണം.
സംസ്ഥാനത്തെ അഞ്ചുലക്ഷത്തിലേറെ ജീവനക്കാരും ഏഴുലക്ഷം പെൻഷൻകാരുമാണ് മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പ്രതിമാസം 500 രൂപവീതം മെഡിസെപ്പിനായി ഗുണഭോക്താക്കൾ വിഹിതം അടയ്ക്കുന്നുണ്ട്. ഈ വിഹിതം ജീവനക്കാരുടെ ക്ളെയിം നൽകാൻ മതിയാകുന്നില്ലെന്നാണ് പദ്ധതി നടത്തിപ്പ് ഏറ്റെടുത്ത ഇൻഷ്വറൻസ് കമ്പനിയുടെ പരിദേവനം. പ്രീമിയം തുക വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന നിലപാടിലാണവർ. എന്നാൽ വിഹിതം നൽകുന്ന ജീവനക്കാരിലും പെൻഷൻകാരിലും നാലിലൊരു ഭാഗം പോലും ആനുകൂല്യം വാങ്ങാൻ മുന്നോട്ടുവരാറില്ലെന്നാണ് സംഘടനകളുടെ വാദം. മാത്രമല്ല പദ്ധതിയിൽ പങ്കാളികളാകാൻ പ്രമുഖ ആശുപത്രികൾ പലതും ഇതുവരെ തയ്യാറായിട്ടുമില്ല. മൂന്നുവർഷത്തേക്ക് ആറുലക്ഷം രൂപയാണ് ചികിത്സാ ഇനത്തിൽ ഒരു കുടുംബത്തിന് ലഭ്യമാകുന്നത്. പല രോഗങ്ങളുടെയും ചികിത്സയ്ക്കും മരുന്നിനുമൊക്കെയുള്ള ചെലവ് റോക്കറ്റുപോലെ കുതിച്ചുയരുന്ന ഇക്കാലത്ത് മൂന്നുവർഷം 6 ലക്ഷം രൂപയുടെ ആനുകൂല്യം അത്ര ഉയർന്നതാണെന്നു പറയാനാവില്ല.
പാനലിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന പ്രമുഖ ആശുപത്രികളെ മെഡിസെപ്പിലേക്കു കൊണ്ടുവരാൻ സർക്കാരിന് സമ്മർദ്ദം ചെലുത്താവുന്നതാണ്. പണം ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസമുൾപ്പെടെയുള്ള കാര്യങ്ങളാണ് മെഡിസെപ്പിനോട് മുഖംതിരിഞ്ഞു നിൽക്കാൻ വലിയ സ്വകാര്യ ആശുപത്രികളെ പ്രേരിപ്പിക്കുന്നത്. മാരക രോഗങ്ങൾക്കും എന്നും ചികിത്സയും പരിചരണവും വേണ്ട ചിലയിനം രോഗങ്ങൾക്കും മുൻകൂർ ഇൻഷ്വറൻസ് തുക ലഭ്യമാക്കാൻ നടപടി വേണമെന്ന് ധനമന്ത്രി വിളിച്ച യോഗത്തിൽ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ഇതു പരിശോധിക്കാവുന്നതാണ്. ഒരുദിവസമെങ്കിലും ആശുപത്രി വാസമുണ്ടെങ്കിലേ ആനുകൂല്യം ലഭിക്കൂ എന്ന നിബന്ധനയും പുനഃപരിശോധിക്കണം. നിരന്തരം ആശുപത്രി സന്ദർശനം വേണ്ടിവരുന്ന രോഗികൾക്ക് ഒ.പി ചികിത്സയ്ക്കും ആനുകൂല്യം നൽകണമെന്ന ആവശ്യം ന്യായയുക്തമാണ്.
മെഡിസെപ്പിന്റെ പ്രീമിയം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ ഇൻഷ്വറൻസ് കമ്പനികളുമായി ആശയവിനിമയം നടത്തി തീരുമാനമെടുക്കാവുന്നതാണ്. എല്ലാറ്റിനും വില ഉയർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇൻഷ്വറൻസ് പ്രീമിയത്തിലും വർദ്ധന ആവശ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും മാസവരുമാനത്തിലും വർദ്ധന പ്രകടമാണല്ലോ. നടപടിക്രമങ്ങളിലെ കുരുക്കും അസഹനീയമായ കാലതാമസവുമാണ് ഇത്തരം സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് ശാപമാകുന്നത്. വ്യവസ്ഥകളും നിബന്ധനകളുമൊക്കെ കാലേകൂട്ടി തയ്യാറാക്കിയിട്ടുള്ളതാണെങ്കിലും പ്രയോഗതലത്തിലെത്തുമ്പോൾ ഗുണഭോക്താവിന്റെ താത്‌പര്യങ്ങൾ ഹനിക്കപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഈ സമീപനം മാറ്റണം. മാതൃകാപരമായ ഈ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കുന്ന സ്ഥിതി ഉണ്ടാകരുത്.