പള്ളിക്കൽ: പൊന്നോണം അടുത്തതോടെ പച്ചക്കറി വിളകളുടെ കച്ചവടവും സജീവമായി. കാർഷിക ഗ്രാമങ്ങളായ പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളിലെ കർഷകർ നട്ടുവളർത്തിയ പച്ചക്കറികളുടെ വിളവെടുപ്പുത്സവം ആഘോഷമാക്കി വിപണിയിലെത്തിച്ചുകഴിഞ്ഞു. കുടുംബശ്രീ കൂട്ടായ്മകൾ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മേളകൾ രണ്ടുനാൾ മുൻപേ തുടങ്ങിക്കഴിഞ്ഞു. പള്ളിക്കലിൽ ഇ.എം.എസ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മേളയിൽ ഓരോ വാർഡുകൾ തിരിച്ചാണ് വിളകൾ വിപണിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. സഹായത്തിനായി പഞ്ചായത്ത് ഭരണസമിതിയുമുണ്ട്. വിഷരഹിത പച്ചക്കറികൾ വാങ്ങാൻ മറ്റുപഞ്ചായത്തുകളിൽ നിന്നുപോലും ആവശ്യക്കാരെത്തുന്നുണ്ട്. മേള സന്ദർശിക്കുന്നവർക്ക് സമ്മാനക്കൂപ്പണുകളും നൽകുന്നു. കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ പള്ളിക്കലും മടവൂരും കഴിഞ്ഞ ദിവസം വിപണനമേളകൾ ഒരുക്കിയിരുന്നു. ഹോർട്ടികോർപ്പുമായി സഹകരിച്ചുള്ള വിപണനമേളയാണെന്നും സാമാന്യം നല്ലതിരക്കുണ്ടെന്നും കൃഷി ഓഫീസർ ധന്യ പറഞ്ഞു. മടവൂർ സഹകരണസംഘം കൺസ്യൂമർ ഫെഡുമായി സഹകരിച്ച് വിപണനകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് പച്ചക്കറിസ്റ്റാളും ആരംഭിക്കുമെന്ന് പ്രസിഡന്റ് മുരളീധരൻനായർ അറിയിച്ചു.