തിരുവനന്തപുരം: നിരക്ക് വർദ്ധനയുൾപ്പെടെ കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയിന്മേൽ റെഗുലേറ്ററി കമ്മിഷൻ ഇന്നലെ നടത്തിയ പൊതുതെളിവെടുപ്പ് ആക്രോശങ്ങളാലും കൂക്കിവിളികളാലും മുഖരിതമായി. കെ.എസ്.ഇ.ബി ജീവനക്കാരും പരാതിക്കാരും തമ്മിൽ കൈയാങ്കളി ഒഴിവാക്കാൻ പൊലീസ് പലതവണ ഇടപെട്ടു. കെ.എസ്.ഇ.ബി ചെയർമാൻ ബിജുപ്രഭാകറിന്റെ സംസാരത്തിനിടെയാണ് ഉപഭോക്തൃപ്രതിനിധികൾ ബഹളമുണ്ടാക്കിയത്. ചെയർമാൻ സംസാരിച്ചത് മതി തങ്ങൾക്ക് പറയാനുള്ളത് കേട്ടേ പറ്റൂവെന്ന് പ്രതിനിധികൾ രോഷംപൂണ്ടു.
എല്ലാവരുടെയും പക്ഷം കേട്ടിട്ടേ പോകൂ എന്ന് കമ്മിഷൻ ചെയർമാൻ ടി.കെ.ജോസിന്റെ ഉറപ്പ് ആളുകളെ ശാന്തരാക്കിയില്ല. മുൻകരുതലിനായി പൊലീസ് ഹാളിനുള്ളിലേക്ക് കടന്നതും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എഴുന്നേറ്രുനിന്ന് പൊലീസ് അകത്തുകടന്നതിനെ ചോദ്യം ചെയ്തു. വീഡിയോ റെക്കാഡിംഗ് ഉണ്ടെന്ന് ഓർമ്മ വേണമെന്ന കമ്മിഷൻ ചെയർമാന്റെ മുന്നറിയിപ്പ് ഉപഭോക്താക്കളെ പ്രകോപിതരാക്കി. ഭീഷണിയാണോ എന്ന് ചോദിച്ചുകൊണ്ട് അവർ ബഹളംവച്ചു.
ബഹളമുണ്ടാക്കുന്നത് കെ.എസ്.ഇ.ബി ജീവനക്കാരല്ലെന്ന കമ്മിഷന്റെ പ്രസ്താവനയും രംഗം വഷളാക്കി.
കെ.എസ്.ഇ.ബിയെ തകർക്കുന്നത് ട്രേഡ് യൂണിയനുകളാണെന്നു പറഞ്ഞ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിയുടെ നിർദ്ദേശങ്ങൾ പാടേ തള്ളി ചെലവ് കുറയ്ക്കാനുള്ള പദ്ധതികൾ നിർദ്ദേശിക്കാൻ കമ്മിഷൻ ആവശ്യപ്പെടണമെന്നും പ്രതിനിധികൾ പറഞ്ഞു. ജീവനക്കാരെ കുറയ്ക്കുകയും അവരുടെ വലിയ വേതനം വെട്ടിക്കുറയ്ക്കുകയുമാണ് ചെലവ് ചുരുക്കാനുള്ള ആദ്യപടിയെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.
ജീവനക്കാർ അധികമാണെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിർദ്ദേശങ്ങൾ പൂർണമായി നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ രംഗത്തെത്തിയതോടെ സ്ഥിതി മുൻപത്തേതിനേക്കാൾ വഷളായി.
ഡയസിലേക്ക് കയറിയ പ്രതിനിധികൾ കമ്മിഷനെതിരെ ശബ്ദമുയർത്തിയതോടെ മൈക്ക് ഓഫ് ചെയ്തു. ഇരുചേരിയായി തിരിഞ്ഞ് വെല്ലുവിളിയും ബഹളവുമായതോടെ വീണ്ടും പൊലീസിന്റെ ഇടപെടലുണ്ടായി. പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന തെളിവെടുപ്പിൽ ചെറുകിട സംരംഭകർ,കൃഷിക്കാർ,പൊതുജനങ്ങൾ, റസി.അസോസിയേഷൻ ഭാരവാഹികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കമ്മിഷന് രൂക്ഷവിമർശനം
തെളിവെടുപ്പിനിടെ കമ്മിഷനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. കെ.എസ്.ഇ.ബി നിർദ്ദേശങ്ങൾ പാടേ നടപ്പാക്കാനല്ല റെഗുലേറ്ററി കമ്മിഷനെ നിയമിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി തീരുമാനത്തെ കമ്മിഷൻ എതിർത്തത് ശരിയായില്ല. പ്രതിസന്ധിക്ക് ഒരു കാരണം കമ്മിഷന്റെ നിലപാടാണ്. ക്രമക്കേടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കമ്മിഷൻ വഴിമുടക്കുകയാണ് ചെയ്തത്.
പ്രധാന പരാതികൾ
നിർദ്ദേശങ്ങൾ
താരിഫ് വർദ്ധന പാടില്ല
സമ്മർ താരിഫ് വർദ്ധന നിയമവിരുദ്ധം
ഉപഭോഗം അനുസരിച്ച് തുക ഈടാക്കാൻ സംവിധാനമുള്ളപ്പോൾ
വീടുകളിൽക്കയറി ഗൃഹോപകരണങ്ങളുടെ എണ്ണമെടുക്കരുത്
തമിഴ്നാട്ടിലേതുപോലെ സബ്സിഡി നടപ്പാക്കണം
ഉപഭോക്താവ് പണം കൊടുത്ത് വാങ്ങിയ മീറ്ററിന് വാടക ഈടാക്കരുത്.
സോളാർ പാനൽ സ്ഥാപിച്ചവർക്ക് നൽകുന്ന തുകയ്ക്ക് കൃത്യമായ കണക്ക് വേണം.
നടപടിക്രമങ്ങളിലെ നൂലാമാലകൾ കാരണം സോളാർ പാനലുകൾ സ്ഥാപിച്ചവർക്ക് റീഇംപേഴ്സ്‌മെന്റ് വൈകുന്നു
ഗ്രാമപ്രദേശങ്ങളിൽ പലതവണ വൈദ്യുതി മുടങ്ങുന്നു
ഫിക്സഡ് ചാർജിൽ മാസം തോറും വ്യതിയാനം വരുന്നു.
ബില്ലുകൾ മാസംതോറുമാക്കുക, ബില്ലുകൾ മലയാളത്തിൽ നൽകണം
ഓരോ ഇനത്തിലും പിടിക്കുന്ന തുക കെ.എസ്.ഇ.ബി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം