
തെക്കൻ കേരളത്തിന്റെ ആരോഗ്യ ഭൂപടത്തിൽ തനതായ ഒരിടം കണ്ടെത്തിയ എസ്.പി ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ മൂന്നാമത്തെ ആശുപത്രി എസ്.പി മെഡിഫോർട്ട് എന്ന പേരിൽ ഏപ്രിലിലാണ് ഈഞ്ചക്കലിൽ പ്രവർത്തനം ആരംഭിച്ചത്. ലോകോത്തര നിലവാരത്തിലുള്ള ചികിത്സ സൗകര്യങ്ങളാണ് ഇതിലൂടെ തിരുവനന്തപുരത്ത് സാദ്ധ്യമായിരിക്കുന്നത്.
1998 ൽ ചാലയിലെ വ്യവസായി ആയിരുന്ന പോറ്റി വേലു എന്ന ക്രാന്തദർശിയാണ് എസ്.പി ഗ്രൂപ്പ് സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ പേരിന്റെ ചുരുക്കമായാണ് എസ്.പി ഗ്രൂപ്പ് പിറന്നത്. സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയർമാനുമായിരുന്ന അദ്ദേഹം അസാമാന്യമായ ദീർഘ വീക്ഷണമുള്ള ആളായിരുന്നു. ലളിതമായ ജീവിതനിഷ്ഠയിലൂടെ വിവിധ വ്യാവസായിക സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. ട്രേഡിംഗ്, ട്രാൻസ്പോർട്ട്, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയവ ഇതിൽ ചിലതാണ്. വിദ്യാഭ്യാസത്തിനും അദ്ദേഹം നൽകിയ പ്രാധാന്യം വലുതായിരുന്നു. വർഷങ്ങൾക്കു മുൻപ് ആരംഭിച്ച എസ്.പി ഫോർട്ട് ആശുപത്രിക്ക് ദൂരവ്യാപകമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. സമഗ്രവും സത്യസന്ധവുമായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പായിരുന്നു. അതുതന്നെയാണ് സ്ഥാപനങ്ങളുടെ ഉന്നമനത്തിന്റെയും അടിസ്ഥാനം.
ആക്സിഡന്റ് ആൻഡ് ട്രോമാ കെയറിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമല്ലാതിരുന്ന കാലത്താണ് അതിന് പ്രാധാന്യം നൽകിക്കൊണ്ട് എസ്.പി ഫോർട്ട് ആശുപത്രിക്ക് തുടക്കം കുറിച്ചത്. അഞ്ച് ഡിപ്പാർട്ട്മെന്റുകളുമായി പ്രവർത്തനം തുടങ്ങിയ ആശുപത്രിയിൽ സി.എം.ഡി ആയ ഡോ. അശോകന്റെ സാരഥ്യത്തിൽ ഇന്ന് 30 ലധികം ഡിപ്പാർട്ട്മെന്റുകളുണ്ട്. റോഡപകടങ്ങളിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റവരെയും അവയവ നഷ്ടമുണ്ടാകുകയും ചെയ്ത ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എസ്.പി ഫോർട്ടിന് കഴിഞ്ഞു. തെക്കൻ കേരളത്തിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫൈഡ് ആശുപത്രി എന്നതിന് പുറമേ ആദ്യമായി സി-ആം ഉപയോഗിച്ചതും മൾട്ടി ചേംബർ ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി തുടങ്ങിയതും വിജയകരമായി ഫ്രീ ഫ്ളാപ് സർജറി നടത്തിയതും എസ്.പി ഫോർട്ട് ആശുപത്രിയിലാണ്.
മികച്ച സൗകര്യം
ആശുപത്രിയുടേതായ രൂപഭാവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ശാസ്തമംഗലത്തുള്ള എസ്.പി വെൽ ഫോർട്ട്. തിക്കും തിരക്കുമില്ലാതെ മനസിന് കുളിർമ പകരുന്ന അന്തരീക്ഷമാണ് എസ്.പി വെൽ ഫോർട്ട് നമുക്ക് ലഭ്യമാക്കുന്നത്. വിവിധ റോബോട്ടിക് അസിസ്റ്റന്റ് സർജറികളും ശരീരവും കൈകാലുകളും തളർന്നു പോയവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ജി-ഗെയിറ്റർ എന്ന ആധുനിക ഫിസിയോ തെറാപ്പി മെഷീനും ഹോപ്പ് ഫെർട്ടിലിറ്റി സെന്റർ എന്ന വന്ധ്യതാ നിവാരണ ക്ളിനിക്കും മറ്റു ചികിത്സ സൗകര്യങ്ങളോടൊപ്പം ലഭ്യമാണ്.
2000ത്തിലാണ് ആരോഗ്യരംഗത്തെ വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് സ്കൂൾ ഒഫ് നഴ്സിംഗ് ആരംഭിച്ചത്. തുടർന്ന് കോളേജ് ഒഫ് നഴ്സിംഗ് ആരംഭിച്ചു. പാഠ്യ പഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഇവിടെ നിന്നും പഠിച്ചിറങ്ങിയ ആയിരത്തിലധികം നഴ്സുമാർ ലോകത്തിന്റെ പല ഭാഗത്തുമുള്ള ആശുപത്രികളിൽ ജോലി ചെയ്യുന്നു. വിവിധ ക്യാമ്പസ് സെലക്ഷനിലൂടെ പഠനത്തിനുശേഷം തന്നെ വിദ്യാർത്ഥികൾക്ക് ജോലി ഉറപ്പാക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
എസ്.പി ഫോർട്ടിന്റെയും എസ്.പി വെൽ ഫോർട്ടിന്റെയും സ്ഥല പരിമിതികൾ പരിഹരിച്ചുകൊണ്ടാണ് 5,00,000 സ്ക്വയർ ഫീറ്റിൽ ഇന്റർ നാഷണൽ സ്റ്റാൻഡേർഡിൽ ഈഞ്ചക്കലിന് സമീപം എസ്.പി മെഡിഫോർട്ട് ആരംഭിച്ചിരിക്കുന്നത്. 500 കിടക്കകളും 100 ലധികം ഡോക്ടർമാരും 1500 ഓളം സ്റ്റാഫുകളുമുള്ള ഈ ആശുപത്രിയിൽ ജെ.സി.ഐ സ്റ്റാൻഡേർഡിലുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പുറത്തെ കാഴ്ചകൾ ലഭ്യമാകുന്ന തരത്തിൽ ക്രമീകരിച്ചിട്ടുള്ള 175 ഐ.സി.യു ക്യൂബിക്കിളുകൾ 10 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ. ഫുള്ളി മോട്ടോറൈസ്ഡ് എക്സ്റേ സ്യൂട്ട്, മരുന്നുകളും പരിശോധന സാമ്പിളുകളും കൃത്യതയോടെയും വേഗത്തിലും എത്തിക്കാൻ കഴിയുന്ന ന്യൂമാറ്റിക് ച്യൂട്ട് രോഗികളുടെ വിവരങ്ങൾ ഡോക്ടർമാർക്ക് പെട്ടെന്ന് കിട്ടാൻ സഹായിക്കുന്ന സെന്ററി സിറ്റി എന്ന അത്യാധുനിക സോഫ്ട്വെയർ 650 ൽ പരം കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റം എസ്കലേറ്ററുകൾ നിരവധി എലിവേറ്ററുകൾ തുടങ്ങിയവ ഈ ആശുപത്രിയുടെ പ്രത്യേകതകളാണ്. പുറത്ത് 200 രൂപയ്ക്ക് ലഭിക്കുന്ന കോസ്റ്റ കോഫിസ ഇവിടെ 100 രൂപയ്ക്ക് ലഭ്യമാണ്.
നൂതന സാങ്കേതിക വിദ്യകൾ
ഇന്ത്യയിലെ ആദ്യത്തെ 3ഡി കേത്ലാബ് ആണ് മറ്റൊരു സവിശേഷത. ആർട്ടിഫിഷ്യൽ ഇന്റലിജൻസോടുകൂടിയ ഫ്രാൻസ് നിർമ്മിതമായ വിപ്രോ ആലിയ (GE ALLIA) സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഹൃദയത്തിനും രക്തക്കുഴലുകളിലും ഉള്ള തകരാറുകൾ കണ്ടുപിടിച്ച് ചുരുങ്ങിയ സമയത്തിൽ കുറഞ്ഞ റേഡിയേഷനിലൂടെയും ഏറ്റവും കൃത്യതയോടും സുരക്ഷിതമായുള്ള ആൻജിയോ പ്ളാസ്റ്റികൾ നടത്താൻ പറ്റുമെന്നതാണ് ഇതിന്റെ പ്രത്യേകത.
കാർഡിയാക് കത്തീറ്ററൈസേഷൻ, കൊറോണറി ആൻജിയോപ്ളാസ്റ്റി, പേസ്മേക്കർ ഇംമ്പ്ളാന്റേഷൻ, ത്രോംബക്ടമി, ബലൂൺ അയോട്ടിക് വാൾവോടോമി തുടങ്ങിയ നിരവധി പ്രൊസീജിയറുകൾ 3ഡി കേത്ലാബ് ഉപയോഗിച്ച് നടത്താനാകും. കൂടാതെ അമിത രക്തസ്രാവം, അന്യുറിസം മുതലായ ന്യൂറോ സംബന്ധമായ തകരാറുകൾ ശസ്ത്രക്രിയ കൂടാതെ സെറിബ്രൽ കോയിലിംഗ് വഴി പൂർണമായും സുഖപ്പെടുത്താം. കാർഡിയോളജിയിലും ന്യൂറോളജിയിലും മാത്രം വാസ്ക്കുലാർ പ്രൊസീജിയറുകൾക്കും 3ഡി കേത്ലാബ് ഏറെ സഹായകമാണ്. ഇപ്പോൾ തന്നെ നിരവധി രോഗികളെ ഈ ചികിത്സ രീതിയിലൂടെ വിജയകരമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു എന്നത് ഒരു അഭിമാനം തന്നെയാണ്.
റോബോട്ടിക് അസ്റ്റിസ്റ്റഡ് ന്യൂറോ സർജറി പാരാലിസിസ് രോഗികൾക്ക് ആശ്വാസമാകുന്ന ജി ഗെയിറ്റർ സിസ്റ്റം സർജിക്കൽ ഓൺകോളജി,മെഡിക്കൽ ഓൺകോളജി, ഗ്യാസ്ട്രോ എന്ററോളജി, ഓർത്തോപീഡിക്സ്, പ്ളാസ്റ്റിക് ആൻഡ് മൈക്രോ വാസ്ക്കുലാർ, മുതലായ ഡിപ്പാർട്ട്മെന്റുകൾ എല്ലാം തന്നെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. മെഡിക്കൽ സാങ്കേതിക രംഗത്ത് അടുത്ത 20 വർഷത്തെ മാറ്റങ്ങൾ മുന്നിൽ കണ്ടാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
കുറഞ്ഞ ചെലവിൽ
മെച്ചപ്പെട്ട സേവനം
വിദഗ്ദ്ധ ചികിത്സകൾക്കായി കേരളത്തിലുള്ളവർ പലപ്പോഴും ചെന്നൈ ,ഡൽഹി തുടങ്ങി അന്യസംസ്ഥാനങ്ങളിലെ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. ചെലവേറിയ ആ ചികിത്സ രീതികൾ സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. അങ്ങനെയുള്ളവർക്ക് വലിയ ആശ്വാസമാണ് എസ്.പി മെഡിഫോർട്ട് നൽകുന്നത്. രോഗ നിർണയത്തിലും ചികിത്സയിലും തിരുവനന്തപുരത്തിന് സ്വയം പര്യാപ്തമാക്കാൻ എസ്.പി മെഡിഫോർട്ടിന് കഴിയും. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പഠിച്ച പ്രഗത്ഭരായ പല ഡോക്ടർമാരുടെയും ചികിത്സ വൈദഗ്ദ്ധ്യം നമുക്ക് ലഭ്യമല്ലാത്തതിന്റെ കാരണം അവർക്ക് വിദേശങ്ങളിൽ കിട്ടുന്നത്ര സൗകര്യങ്ങളും അവസരങ്ങളും നമ്മുടെ നാട്ടിൽ കിട്ടുന്നില്ല എന്നതാണ്. എന്നാൽ മികച്ച സൗകര്യങ്ങളും അതിനൊത്തുള്ള സാങ്കേതിക സൗകര്യങ്ങളും ലഭിച്ചാൽ ജന്മനാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാൻ അവരിൽ പലരും തയ്യാറാകും. ഇങ്ങനെയുള്ളവരെ തിരികെ കൊണ്ടുവരാനും അവരുടെ വിദഗ്ദ്ധ സേവനം നമ്മുടെ നാട്ടിലെ സാധാരണക്കാർക്കുകൂടി ലഭ്യമാക്കുവാനുള്ള അവസരം എസ്.പി മെഡിഫോർട്ട് ഒരുക്കുന്നുണ്ട്.
എസ്.പി ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സാരഥിയാണ് ഡോ. പി. അശോകൻ. 1959 ൽ വ്യവസായി ആയിരുന്ന പോറ്റിവേലുവിന്റെയും രാജമ്മ അമ്മയുടെയും മൂന്നാമത്തെ മകനായ ഇദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം തിരുവനന്തപുരം ഗവ. സെൻട്രൽ ഹൈസ്കൂളിൽ ആയിരുന്നു. തുടർന്ന് മാർ ഇവാനിയോസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും എം.എസ് രാമയ്യ മെഡിക്കൽ കോളേജ് ബാംഗ്ളൂർ നിന്ന് മെഡിക്കൽ ബിരുദവും നേടി ബിറ്റ്സ് പിലാനിയിൽ നിന്നും സി.എം.സി വെല്ലൂരിൽ നിന്നും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എം.ഫിൽ നേടിയ ഇദ്ദേഹം കുറച്ചുകാലം കിള്ളിപ്പാലത്തുള്ള പി.ആർ.എസ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആധുനികവും ചെലവേറിയതുമായ ചികിത്സകൾ സാധാരണക്കാർക്ക് കൂടി ലഭ്യമാക്കാൻ കഴിയുന്ന രീതിയിലുള്ള ആശുപത്രിയിലെ ക്രമീകരണങ്ങൾ ഇദ്ദേഹത്തിന് സമൂഹത്തിനോടുള്ള പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്. അച്ഛന്റെയും സഹോദരൻ സുബ്രമണിയുടെ മകന്റെയും പേരിലുള്ള ആദർശ് ഫൗണ്ടേഷനിലൂടെയും അല്ലാതെയും ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇദ്ദേഹം നടത്തുന്നുണ്ട്. 2022 ൽ സായി ഫൗണ്ടേഷനുമായി സഹകരിച്ച് നിർദ്ധനരായ പെൺകുട്ടികളുടെ സമൂഹവിവാഹം നടത്തികൊടുത്തു. അർഹരായവർക്ക് ചികിത്സ ഇളവുകൾ നൽകുന്നുണ്ട്. സാമൂഹിക ആരോഗ്യം മെച്ചപ്പെടുത്താനായി വിവിധതരം ക്യാമ്പുകൾ തലസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തുന്നുണ്ട്. സ്കൂളുകളിലും അനാഥാലയങ്ങളിലും സഹായങ്ങൾ നൽകുന്നുണ്ട്. നിർദ്ധനരായ കുട്ടികളെ ഫീസിളവ് നൽകിയും ഹോസ്റ്റൽ ഫീസ് സൗജന്യമാക്കിയും നഴ്സിംഗ് കോളേജിൽ പഠിപ്പിക്കുന്നുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് 45000 വാക്സിൻ വാങ്ങിയ വിലയിലും 5000 വാക്സിൻ തികച്ചും സൗജന്യമായും പൊതുജനങ്ങൾക്ക് നൽകുകയും ഉണ്ടായി. നഗരത്തിലും സമീപപ്രദേശങ്ങളിലും നിരവധി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തിവരുന്നു. കൂടാതെ ചാല മാർക്കറ്റിലുള്ളവർക്ക് വേഗത്തിൽ വൈദ്യസഹായം ലഭ്യമാക്കുവാനായി തികച്ചും സൗജന്യമായി ഒരു ഫ്രീ ക്ളീനിക് ഉടൻ പ്രവർത്തനം ആരംഭിക്കും.
നൂറ്റൻപതിലധികം ഡോക്ടർമാരും ആയിരത്തിലധികം ജീവനക്കാരുമുള്ള ആശുപത്രിക്ക് പുറമേ വിവിധ വ്യാവസായിക സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ കുടുംബത്തിനുണ്ട്. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ പത്നി ശുഭലക്ഷ്മിയും മക്കളായ ഡോ. അതുല്യ എ . ഭാഗ്യയും അദ്വൈത് ബാലയും എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്.
വൈസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ആയി അനുജൻ സുബ്രമണി, മകൻ ഡോ. ആദിത്യ എന്നിവരും ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ഒപ്പുമുണ്ട്. പ്രശസ്തമായ മൂന്ന് ആശുപത്രികളുടെ ചെയർമാൻ പദവി വഹിക്കുമ്പോഴും അച്ഛനിൽനിന്ന് പകർന്നുകിട്ടിയ എളിമയും ലാളിത്യവും നന്മയും സ്വർണത്തിന് സുഗന്ധം പോലെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ മാറ്റുകൂട്ടുന്നു.