
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടാനുള്ള നടപടികളുടെ ഭാഗമായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇന്നലെ നടത്തിയ അവസാന തെളിവെടുപ്പിലും ഉയർന്നത് കടുത്ത ജനരോഷം.
കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയുടെയും ധൂർത്തിന്റെയും ഫലമായുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത തീർക്കാൻ തങ്ങളുടെ മേൽ അമിതഭാരം ചുമത്തുന്നുവെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടി. അതല്ലെന്ന് ബോദ്ധ്യപ്പെടുത്താനുള്ള കെ.എസ്.ഇ.ബി.യുടെ ശ്രമം ബഹളത്തിൽ മുങ്ങി.
ജനങ്ങളെ നിയന്ത്രിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ രംഗത്തെത്തിയതോടെ ബഹളം കൂടി. റെഗുലേറ്ററി കമ്മിഷൻ ജീവനക്കാരും പൊലീസും പരിശ്രമിച്ചാണ് തെളിവെടുപ്പ് സുഗമമായി തുടരാൻ സാഹചര്യമുണ്ടാക്കിയത്.
ആരുടെയും വാക്കുകൾ അന്ധമായി വിശ്വസിച്ച് കമ്മിഷൻ തീരുമാനമെടുക്കില്ലെന്നും കമ്മിഷൻ ജനപക്ഷത്താണെന്നും
റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് ആവർത്തിച്ച് വ്യക്തമാക്കി. രാത്രി എട്ടരയോടെയാണ് തെളിവെടുപ്പുകൾ പൂർത്തിയായത്.
വെള്ളയമ്പലം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ കമ്മിഷൻ ചെയർമാൻ ടി.കെ.ജോസിന് പുറമെ അംഗങ്ങളായ ബി പ്രദീപ്,അഡ്വ.എ.ജെ.വിൽസൺ എന്നിവരും പങ്കെടുത്തു. കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ ബോർഡിന്റെ അവസ്ഥ വിശദീകരിച്ചു.
പദ്ധതിക്ക് ജനങ്ങളുടെ പണം,
പിന്നെന്തിന് നിരക്ക് കൂട്ടണം
1. അണക്കെട്ടുകൾ നിർമ്മിക്കുന്നത് പൊതുഖജനാവിൽ നിന്ന് പണമെടുത്താണെന്ന് പൊതുജനം ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബി ഒരു രൂപപോലും ചെലവാക്കുന്നില്ല.
രണ്ടുലക്ഷം സോളാർ പ്ളാന്റിനായി 3000കോടി രൂപ ജനങ്ങളാണ് മുടക്കിയത്. എന്നിട്ടും അടിക്കടി നിരക്ക് കൂട്ടുന്നു
2. മറ്റിടങ്ങളിൽ ജീവനക്കാരുടെ ശമ്പളത്തിന് ഒരു യൂണിറ്റിന്റെ വരുമാനത്തിൽ നിന്ന് 70 പൈസയാണ് ചെലവാക്കുന്നത്. ഇവിടെ അത് 1.56 രൂപയാണ്. എന്തിനാണ് അമിത ശമ്പളവും അധികം ജീവനക്കാരും. തുടങ്ങാത്ത അതിരപ്പിള്ളി പദ്ധതിക്കടക്കം ജീവനക്കാരെ നിയോഗിച്ച് ശമ്പളം കൊടുത്തു
3. ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് വില ഈടാക്കേണ്ടത്. അതിന്റെ മറവിലുള്ള ഫിക്സഡ് ചാർജ് കൊള്ളയാണ്. സ്മാർട്ട് മീറ്റർ കൊണ്ടുവന്നാൽ സുതാര്യത വരും.അതിനെ എതിർക്കുന്നത് കൊള്ളയടി തുടരാനാണ്
4. കുടിശ്ശിക പിരിക്കാനും പദ്ധതികൾ പൂർത്തിയാക്കാനും ശ്രമിച്ചാൽ നിരക്ക് വർദ്ധന ഒഴിവാക്കാം. പ്രവർത്തന നഷ്ടം നികത്താൻ നിരക്ക് വർദ്ധന പാടില്ലെന്ന് കേന്ദ്രവൈദ്യുതി നിയമത്തിലുണ്ടെന്ന് കൺസ്യൂമേഴ്സ് ഫോറത്തിനുവേണ്ടി ഡിജോ കാപ്പൻ ചൂണ്ടിക്കാട്ടി
രാത്രി വൈദ്യുതി കിട്ടാനില്ല,
വാങ്ങാൻ 15000 കോടി വേണം
1. പദ്ധതികൾ പൂർത്തിയാക്കാനാവാത്തതും പുതിയ പദ്ധതികളോടുള്ള എതിർപ്പുമാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങാൻ ഈ വർഷം 15000കോടിയെങ്കിലും വേണം. കഴിഞ്ഞ വർഷം 12983 കോടിക്കാണ് വാങ്ങിയത്.
2. രാത്രി വൈദ്യുതി കിട്ടാനില്ല. കിട്ടുന്നതിനാകട്ടെ വൻവിലയും. 500 മെഗാവാട്ട് കിട്ടാതിരുന്നതിനാൽ കഴിഞ്ഞ മാസം രണ്ടുദിവസം ലോഡ് ഷെഡ്ഡിംഗ് വേണ്ടിവന്നു. 2016ൽ 3.88രൂപയ്ക്ക് ഒരു യൂണിറ്റ് വാങ്ങാമായിരുന്നു. ഇപ്പോൾ 5.07രൂപയിലെത്തി.
3. ബി.അശോക് ചെയർമാനായിരുന്ന 2021-22 കാലയളവിലൊഴികെ കെ.എസ്.ഇ.ബി പ്രവർത്തന നഷ്ടത്തിലാണ്. 6400കോടി സഞ്ചിത നഷ്ടമുണ്ട്. ശരാശരി 4 രൂപയ്ക്ക് വൈദ്യുതി വാങ്ങി 7 രൂപയ്ക്കാണ് വിൽക്കുന്നത്.ഇതിൽ ഒരു രൂപ കടം തിരിച്ചടക്കാനും 1.56 ജീവനക്കാരുടെ ശമ്പളത്തിനും ബാക്കി ഓഫീസ് ചെലവിനുമാണ്