തിരുവനന്തപുരം: നഗരത്തിൽ അഞ്ച് ദിവസം കുടിവെള്ളം മുട്ടി ജനങ്ങൾ ദുരിതത്തിലായിട്ടും പ്രശ്നം ചർച്ച ചെയ്താതെ നഗരസഭ കൗൺസിൽ യോഗത്തിൽ തടിതപ്പി ഭരണസമിതി.
പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതിനെ തുടർന്ന് അജൻഡകൾ രണ്ട് മിനിട്ടിനുള്ളിൽ പൂർത്തിയാക്കി മേയർ കൗൺസിൽ പിരിച്ചു വിട്ടു.കുടിവെള്ളം മുട്ടിയിട്ടും പകരം വെള്ളം എത്തിക്കുന്നതിൽ പരാജയപ്പെട്ട മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ ബി.ജെ.പി പ്രതിഷേധിച്ചു.
കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ ബി.ജെ.പിയിലെ വനിതാ കൗൺസിലർമാർ ഡയസിൽ മേയറുടെ മുന്നിൽ കയറിനിന്ന് പ്രതിഷേധിക്കുകയായിരുന്നു.ഇത് ജനാധിപത്യവിരുദ്ധമാണെന്ന് കാട്ടി സി.പി.എം കൗൺസിലർമാർ രംഗത്തെത്തിയെങ്കിലും ബി.ജെ.പി അംഗങ്ങൾ പ്രതിഷേധം തുടർന്നു.കുടിവെള്ള വിഷയത്തിൽ യു.ഡി.എഫും കൗൺസിലിൽ പ്രതിഷേധിച്ചു.
കുടിവെള്ളം മുട്ടിച്ചതുമായി ബന്ധപ്പെട്ട ചർച്ച ആവശ്യപ്പെട്ടെങ്കിലും ഏകപക്ഷീയമായി കൗൺസിൽ പിരിച്ച് വിടുകയായിരുന്നുവെന്ന് ബി.ജെ.പി കൗൺസിൽ കക്ഷി നേതാവ് എം.ആർ.ഗോപൻ ആരോപിച്ചു.കൗൺസിലിൽ കുടിവെള്ള വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു എൽ.ഡി.എഫ് നിലപാടെന്നും എന്നാൽ ബി.ജെ.പി മനപൂർവം ചർച്ച ഒഴിവാക്കാനായി മേയറെ തടസപ്പെടുത്തിയുള്ള പ്രതിഷേധം നടത്തുകയായിരുന്നുവെന്ന് എൽ.ഡി.എഫ് കക്ഷി നേതാവ് എസ്.സലിം പറഞ്ഞു.കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ സ്പെഷ്യൽ കൗൺസിൽ ചേരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.