
കല്ലമ്പലം: കല്ലമ്പലം ജംഗ്ഷന് സമീപം നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി വേണാട് ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞു തകർത്ത പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി നാവായിക്കുളം വെട്ടിയറയിൽ വാടകയ്ക്ക് താമസിക്കുന്ന രാഹുലാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 2നാണ് സംഭവം. കരുനാഗപ്പള്ളിയിൽ നിന്ന് കല്ലമ്പലത്തേക്ക് വന്ന ചാത്തന്നൂർ ബസിന് നേരെയാണ് ആക്രമണം നടന്നത്. കല്ലമ്പലത്തുനിന്നും ഭക്ഷണം കഴിക്കുന്നതിനായി ബസ് ഒതുക്കിയ ജീവനക്കാരോട് എപ്പോൾ തിരിച്ചുപോകുമെന്ന് പ്രതി ചോദിച്ചു. ആഹാരം കഴിച്ചശേഷമേ മടങ്ങുവെന്ന് അറിയിച്ചതോടെ പ്രതി പ്രകോപിതനായി അസഭ്യംവിളിക്കുകയും ബസിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയുമായിരുന്നു. മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജീവനക്കാർ പറഞ്ഞു. ബസ് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ ബാറിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മുൻപും സമാന കേസിൽ പ്രതിയാണെന്നും ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.