നെടുമങ്ങാട്: ഓണവിപണി ഇതര സംസ്ഥാനക്കാർ കൈയടക്കിയതോടെ നെടുമങ്ങാട്ടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്. തമിഴ്‌നാട്, ആന്ധ്ര, കർണാടക, രാജസ്ഥാൻ, ഒറീസ എന്നിവിടങ്ങളിൽ നിന്നുള്ള വസ്ത്ര വ്യാപാരികൾക്ക് ഫുട്പാത്തിൽ ഷെഡ് നിർമ്മിച്ച് പ്രവർത്തനാനുമതി നൽകിയതാണ് നാട്ടിലെ കച്ചവടക്കാരെ വലയ്ക്കുന്നത്. കടകളുടെ മുൻ വശങ്ങളിലും ടാക്സി സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളുടെ പ്രവേശന ഭാഗത്തും മാർഗതടസം സൃഷ്ടിച്ച് അഞ്ഞൂറോളം ഇതര സംസ്ഥാന കച്ചവടക്കാരാണ് നിരന്നിരിക്കുന്നത്.
കെട്ടിട പെർമിറ്റ് ടാക്‌സും ലൈസൻസ് ഫീസും ഒടുക്കി പ്രവർത്തിക്കുന്ന തദ്ദേശീയ വ്യാപാരികൾ കാഴ്ച്ചക്കാരായി മാറുന്ന അവസ്ഥയാണ്. ഓണവിപണി കൈയടക്കാൻ കുടുംബസമേതമാണ് ഇക്കുറി ഇതര സംസ്ഥാന കച്ചവടക്കാർ എത്തിയിട്ടുള്ളത്. നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതിടയാക്കിയിട്ടുണ്ട്. സ്‌കൂൾ കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർ ദുരിതത്തിലായി.
നിവേദനം നൽകി വ്യാപാരി വ്യവസായി സംഘ്
വൻതുക ഈടാക്കിയാണ് നഗരസഭ ഫുട്പാത്തുകളിൽ ഇടം നല്കിയിട്ടുള്ളതെന്നും ഓണക്കച്ചവടം പ്രതീക്ഷിച്ച് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയ സ്ഥലത്തെ കച്ചവടക്കാരെ കഷ്ടത്തിലാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി ഫുട്പാത്തുകളിൽ നടക്കുന്ന അനധികൃത വ്യാപാരം ഉടൻ ഒഴിപ്പിക്കുക, വാഹനയാത്രക്കാർക്ക് പാർക്കിംഗിനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം ഭാരവാഹികൾ നഗരസഭ സെക്രട്ടറിക്ക് നിവേദനംനല്കി. താലൂക്ക് സമിതി പ്രസിഡന്റ് നെടുമങ്ങാട് വി.ശ്രീകുമാർ, ജനറൽ സെക്രട്ടറി വെമ്പ് സജി, ട്രഷറർ ഷീബ, വിമൽ, ബിജു എന്നിവർ പങ്കെടുത്തു.