neyyar

കാട്ടാക്കട/നെയ്യാർഡാം: നെയ്യാർ ജലാശയത്തിലെ പന്ത, മായം, പന്തപ്ലാംമൂട് തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നുദിവസമായി തിലോപ്പി ഇനത്തിൽ പെട്ട മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. ഡാം റിസർവോയർ ഭാഗത്ത് കഴിഞ്ഞ ദിവസം ഒരു മുള്ളൻപന്നിയെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കാട്ടാക്കട, നെയ്യാറ്റിൻകര ഭാഗത്തേക്കും കാളിപാറ കുടിവെള്ള പദ്ധതിയിലേക്കും പമ്പ് ചെയ്യുന്നത് നെയ്യാർ ജലാശയത്തിൽ നിന്നായതിനാൽ ജനങ്ങൾ ആശങ്കയിലാണ്. നാട്ടുകാർ അറിയിച്ചതനുസരിച്ച് മത്സ്യ വകുപ്പ് അധികൃതർ ജലം ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഫലം വന്നാൽ മാത്രമേ കാരണം വ്യക്തമാവുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. നെയ്യാർ ജലാശയത്തിലെത്തുന്ന അണമുഖം ആറ് വരുന്നത് തമിഴ്നാട്ടിൽ നിന്നാണെങ്കിലും നെയ്യാർ ജലാശയത്തിൽ വന്നുചേരുന്ന സ്ഥലത്ത് മാലിന്യനിക്ഷേപം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.