തിരുവനന്തപുരം: വെൺപാലവട്ടത്തെ കുമാർ ടിഫിൻ സെന്ററിൽ പ്രഭാതഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടി വാങ്ങിയ വടയിൽനിന്ന് പകുതി ബ്ലെയ്ഡിന്റെ കഷ്ണം കണ്ടെത്തി. പാലോട് സ്വദേശിയായ അനീഷിന്റെ മകൾ സനുഷ(17) ഇവിടെനിന്നും വാങ്ങിയ ഉഴുന്നുവട കഴിക്കവെ ബ്ലെയിഡിന്റെ പാതി പല്ലിന്റെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. ഇതോടെ വിവരം ഹോട്ടൽ ജീവനക്കാരെ അറിയിച്ചു. സ്ഥലത്തെത്തിയ പേട്ട പൊലീസ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. പരാതി ലഭിക്കാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പേട്ട പൊലീസ് അറിയിച്ചു. എന്നാൽ നഗരസഭയുടെ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ കട പൂട്ടിച്ചു. ബ്ലേഡിന്റെ മറു പകുതി ഭക്ഷണം കഴിക്കാനെത്തിയ മറ്റൊരാൾക്ക് കിട്ടിയെന്നും സൂചനയുണ്ട്.