
തിരുവനന്തപുരം: കൊവിഡ് കാലത്ത് റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകിയതിൽ റേഷൻ വ്യാപാരികൾക്കു കമ്മിഷൻ കുടിശികയായ 34.08 കോടി രൂപയുടെ പകുതി (17.22 കോടി) സർക്കാർ അനുവദിച്ചു.
പത്ത് തവണയായി നൽകിയ കിറ്റൊന്നിന് 5 രൂപ വീതമാണ് കമ്മിഷൻ. 40 കേസുകളിൽ ഹൈക്കോടതിയുടെ അനുകൂല വിധി നേടിയ പതിനായിരത്തോളം വ്യാപാരികൾക്കു തുക നൽകാൻ ഭക്ഷ്യപൊതുവിതരണ കമ്മിഷണറെ ചുമതലപ്പെടുത്തി.
ഈ മാസം 9ന് മുൻപ് തുക നൽകണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു. സാമ്പത്തികപ്രയാസം പരിഗണിച്ച് ഘട്ടംഘട്ടമായി നൽകാമെന്ന് ഭക്ഷ്യ, ധന മന്ത്രിമാർ റേഷൻ വ്യാപാരികളുമായി ധാരണയുണ്ടാക്കിയിരുന്നു. അങ്ങനെയാണ് പകുതി തുക അനുവദിച്ചത്. ഘട്ടങ്ങളായി തുക നൽകാൻ ഹൈക്കോടതിയിൽ സർക്കാർ സാവകാശം തേടും. കൊവിഡ് കാലത്ത് 2020 മുതൽ 2021 വരെ 13 തവണയാണു സൗജന്യ കിറ്റുകൾ നൽകിയത്. മൂന്ന് കിറ്റുകൾക്കാണ് ഇതുവരെ കമ്മിഷൻ നൽകിയത്.ആദ്യഘട്ടത്തിൽ 7 രൂപ വീതവും രണ്ടാംഘട്ടത്തിൽ 5 രൂപ വീതവുമായിരുന്നു കമ്മിഷൻ. .